'ഭാര്യയുടെ പ്രസവത്തിന് സാക്ഷിയായി, മാനസിക തകരാറുണ്ടായി'; ആശുപത്രിയില്‍ നിന്ന് നഷ്ടപരിഹാരം തേടി യുവാവ്

'ഭാര്യയുടെ പ്രസവത്തിന് സാക്ഷിയായി, മാനസിക തകരാറുണ്ടായി'; ആശുപത്രിയില്‍ നിന്ന് നഷ്ടപരിഹാരം തേടി യുവാവ്
ഭാര്യയുടെ പ്രസവത്തിന് സാക്ഷിയാവേണ്ടി വന്നതിനെ തുടര്‍ന്നുണ്ടായ മാനസിക വൃഥയുടെ പേരില്‍ ആശുപത്രിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്. ഭാര്യ സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്നത് കാണാന്‍ ഇടയായ അനില്‍ കൊപ്പുല എന്ന യുവാവാണ് ആശുപത്രിക്കെതിരെ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ റോയല്‍ വുമന്‍സ് ആശുപത്രിക്കെതിരെയാണ് പരാതി.

2018ലായിരുന്നു അനിലിന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കിയത്. രക്തവും അവയവങ്ങളുമെല്ലാം കാണേണ്ടി വന്നത് താരതമ്യം ചെയ്യാനാവാത്ത ട്രോമയാണ് യുവാവിന് നല്‍കിയത്. വിവാഹ ബന്ധം വരെ തകരുന്ന സ്ഥിതിയിലേക്കും സംഭവം നയിച്ചെന്നും യുവാവ് പരാതിയില്‍ വിശദമാക്കുന്നു. ഭാര്യ പ്രസവിക്കുന്നത് കാണാന്‍ താല്‍പര്യമില്ലാതിരുന്ന യുവാവിനെ ധൈര്യപ്പെടുത്തി ആശുപത്രി അധികൃതര്‍ കാണിക്കുകയായിരുന്നുവെന്നാണ് പരാതി. ആശുപത്രി ജീവനക്കാര്‍ തങ്ങളുടെ ജോലിയില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. കോടതിയില്‍ യുവാവ് തന്നെയാണ് പരാതി വാദിച്ചത്.

എന്നാല്‍ കൃത്യ വിലോപമെന്ന ആരോപണം ആശുപത്രി അധികൃതര്‍ തള്ളി. എന്നാല്‍ യുവാവിന്റെ പരാതി കോടതി തള്ളി. കോടതി നടപടികളെ ചൂഷണം ചെയ്യുന്നുവെന്ന രൂക്ഷ വിമര്‍ശനത്തോടെയാണ് കോടതി പരാതി തള്ളിയത്. ദൃശ്യമാകുന്ന രീതിയിലുള്ള പരിക്കുകളോ നാശ നഷ്ടമോ ഇല്ലാത്തതിനാല്‍ ഇതിനെ ഒരു ഹാനി എന്ന രീതിയില്‍ വിലയിരുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. യുവാവിന്റെ മാനസിക നിലവാരത്തേക്കുറിച്ച് വിശദമായ പരിശോധ നടത്തിയ ശേഷമാണ് കോടതി തീരുമാനം. അതിഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ പാനല്‍ കോടതിയെ അറിയിച്ചത്.

പാനല്‍ നിര്‍ദേശത്തിനെതിരെ യുവാവ് റൂളിംഗ് ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. പ്രകടമായ പരിക്കുകളോ സാമ്പത്തിക നഷ്ടമോ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് തള്ളുന്നതെന്നും കോടതി വ്യക്തമാക്കി.
Other News in this category4malayalees Recommends