പിഎസ്‌സി ജോലി തട്ടിപ്പ് ; ആഢംബര ജീവിതം നയിക്കാന്‍ 80 ലക്ഷം തട്ടി
പിഎസ്‌സി ജോലി തട്ടിപ്പ് നടത്തിയ പ്രതികള്‍ ലക്ഷ്യമിട്ടത് ആഢംബര ജീവിതം. 80 ലക്ഷം രൂപയെങ്കിലും പ്രതികള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരു വ്യക്തമാക്കി. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച് ആഢംബര കാറുകളും വീടുകളും വാങ്ങി. ഉദ്യോഗാര്‍ത്ഥിയെ ഇന്റര്‍വ്യൂ ചെയ്ത യുവതിയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പ്രതി രാജലക്ഷ്മി തൃശൂര്‍ ആമ്പല്ലൂരില്‍ പുതിയ വീട് നിര്‍മിച്ചിട്ടുണ്ട്. ഒപ്പം എര്‍ട്ടിഗ, ഡസ്റ്റര്‍ മോഡല്‍ കാറുകളും പ്രതി ഉപയോഗിച്ചിരുന്നു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണമാണ് ഇതിനുപയോഗിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.
പത്തനംതിട്ട അടൂരിലെ രാജലക്ഷ്മി കുറച്ചുവര്‍ഷങ്ങളായി തൃശൂര്‍ ആമ്പല്ലൂരിലാണ് താമസം. ആമ്പല്ലൂരിലെ വീടിനുസമീപമാണ് പുതിയ വീട്. രണ്ട് മാസം മുമ്പായിരുന്നു ഗൃഹപ്രവേശം. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പമാണ് രാജലക്ഷ്മി ഒളിവില്‍ പോയത്. മകളുടെ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് അമ്മയുമൊഴി.പാലക്കാട് സ്വദേശിയായ ഇടനിലക്കാരന്റെ സഹായത്തോടെയാണ് രാജലക്ഷ്മിയും രശ്മിയും ആളുകളെ സമീപിച്ചിരുന്നത്. പണം നല്‍കിയ അമ്പതോളം ആളുകളില്‍ നിന്ന് പൊലീസ് വിവരം ശേഖരിച്ചു. ചിലര്‍ രാജലക്ഷ്മിക്ക് നേരിട്ട് പണം നല്‍കിയതായാണ് മൊഴി.
പിഎസ്‌സിയുടെ വ്യാജ ലെറ്റര്‍ഹെഡ് നിര്‍മിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാനായിരുന്നു 'ഉദ്യോഗാര്‍ത്ഥികള്‍ക്ക്' നല്‍കിയ നിര്‍ദേശം. ഇത് വിശ്വസിച്ച് ആളുകള്‍ പിഎസ്‌സി ആസ്ഥാനത്ത് എത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. കത്ത് വ്യാജമെന്ന് കണ്ടെത്തിയതോടെ വിജിലന്‍സ് വിഭാഗം ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് വന്‍ തട്ടിപ്പ് പുറത്തുവന്നത്.