കാനഡയിലെ ഖലിസ്ഥാന്‍ തീവ്രവാദ നേതാവ് ഹര്‍ദീപ് സിംഗ് നിജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നിലെ സത്യം വെളിച്ചത്ത് കൊണ്ട് വരണമെന്ന് ഇന്ത്യന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് സിഖ് സംഘടനയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) രംഗത്തെത്തി. എസ്ജിപിസി പ്രസിഡന്റ് ഹര്‍ജിന്ദര്‍ സിംഗ് ധാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ഇതിനായി ഈ ആവശ്യം ഇന്ത്യാ ഗവണ്‍മെന്റിനോട് ഉന്നയിച്ച് ഒരു സ്‌പെഷ്യല്‍ റെസല്യൂഷനും ഈ സംഘടന പാസാക്കിയിട്ടുണ്ട്.
ഇന്ത്യക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് നിസ്സാരമായ ഒരു ആരോപണമല്ലെന്നും ഒരു രാജ്യത്തിന്റെപാര്‍ലിമെന്റില്‍ വച്ച് ആ രാജ്യത്തെ പ്രധാനമന്ത്രിയാണ് ഈ ആരോപണം ശക്തമായി ഉയര്‍ത്തിയിരിക്കുന്നതെന്നും ഇതില്‍ കഴമ്പില്ലെങ്കില്‍ ഇക്കാര്യം തെളിയിക്കേണ്ട ബാധ്യത ഇന്ത്യന്‍ സര്‍ക്കാരിന് കൂടിയുണ്ടെന്നും ഹര്‍ജിന്ദര്‍ സിംഗ് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. കാനഡയുടെ ആരോപണത്തെ വെറുതെ തള്ളിക്കളയുന്നതിന് പകരം ഇന്ത്യാ സര്‍ക്കാര്‍ ഇത് വ്യാജ ആരോപണമാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ച് അഗ്നിശുദ്ധി വരുത്തണമെന്നും എസ്ജിപിസി ആവശ്യപ്പെടുന്നു.
ഈ പ്രശ്‌നത്തിന് പുറകിലെ നിജസ്ഥിതി ജനങ്ങള്‍ക്ക് മുമ്പിലെത്തിക്കാന്‍ ഇരു രാജ്യങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുപരിയായി ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്നും അതിലൂടെ മാത്രമേ ഇത്തരത്തില്‍ കൊല്ലപ്പെടുന്നവരുടെ മനുഷ്യാവകാശമുറപ്പിക്കാനാവുകയുള്ളുവെന്നും ഹര്‍ജിന്ദര്‍ സിംഗ് ഓര്‍മിപ്പിക്കുന്നു. നിജാറിന്റെ കൊലയെ തുടര്‍ന്ന് കാനഡയിലെ സിഖ് വംശജര്‍ക്കിടയില്‍ കടുത്ത അനിശ്ചിതത്വവും ഭീതിയും വര്‍ധിച്ചിരിക്കുന്നുവെന്നും ഇത് അവസാനിപ്പിക്കാന്‍ ഈ കൊലക്ക് പിന്നിലെ രഹസ്യങ്ങള്‍ എത്രയും വേഗം പുറത്ത് കൊണ്ട് വന്നേ മതിയാകൂ എന്നും എസ്ജിപിസി ആവശ്യപ്പെടുന്നു.