നിയമവിരുദ്ധമായ സൈറ്റില്‍ കയറിയെന്നറിയിച്ച് സൈബര്‍ സെല്ലിന്റെ പേരില്‍ 33,900 രൂപ അടയ്ക്കണമെന്ന് വ്യാജ സന്ദേശം: കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി

നിയമവിരുദ്ധമായ സൈറ്റില്‍ കയറിയെന്നറിയിച്ച് സൈബര്‍ സെല്ലിന്റെ പേരില്‍ 33,900 രൂപ അടയ്ക്കണമെന്ന് വ്യാജ സന്ദേശം: കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി
സൈബര്‍ സെല്ലിന്റെ പേരില്‍ വ്യാജസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആദിനാഥാണ് (16) മരിച്ചത്.

നിയമവിരുദ്ധമായ സൈറ്റില്‍ കയറിയെന്നും 33900 രൂപ അടയ്ക്കണം എന്നുമായിരുന്നു സന്ദേശം. കുട്ടിയെ ബുധനാഴ്ച കോഴിക്കോട് ചേവായൂരിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലാപ്‌ടോപ്പില്‍ സിനിമ കാണുന്നതിനിടയില്‍ 33,900 രൂപ അടയ്ക്കണം എന്നായിരുന്നു സന്ദേശം വന്നത്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്‍ വിദ്യാര്‍ഥിയോട് പണം ആവശ്യപ്പെട്ടത്. ബ്രൗസര്‍ ലോക്ക് ചെയ്‌തെന്നും കംപ്യൂട്ടര്‍ ബ്ലോക്ക് ചെയ്‌തെന്നുമുള്ള സന്ദേശത്തോടെയുമാണ് വ്യാജ എന്‍സിആര്‍ബി സ്‌ക്രീന്‍ ലാപ്‌ടോപ്പില്‍ വിദ്യാര്‍ഥി കണ്ടത്. എന്‍.സി.ആര്‍.ബി.യുടെ മുദ്രയും ഹാക്കര്‍ ഉപയോഗിച്ചു. ഒപ്പം സ്‌ക്രീനില്‍ അശോകസ്തംഭത്തിന്റെ അടയാളവും പതിപ്പിച്ചു.

നിയമവിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും പണം തന്നില്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നുമാണ് ലാപ്‌ടോപ്പ് സ്‌ക്രീനില്‍ സന്ദേശം വന്നത്. വീട്ടില്‍ പോലീസ് എത്തുമെന്നും കുട്ടിയെ അറസ്റ്റ് ചെയ്യുമെന്നും സന്ദേശത്തിന്റെ ഉള്ളടക്കത്തിലുണ്ടായിരുന്നു.

പറഞ്ഞ തുക നല്‍കിയില്ലെങ്കില്‍ രണ്ടുലക്ഷം രൂപയാണ് പിഴയുണ്ടാവുകയെന്നും രണ്ടുവര്‍ഷം തടവ് ലഭിക്കുമെന്നും ഭീഷണിപ്പെടുത്തി. ആറ് മണിക്കൂറിനുള്ളില്‍ പണമടയ്ക്കണമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. ഇതെല്ലാം വായിച്ചതോടെയാണ് വിദ്യാര്‍ഥി ഭയന്ന് ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള കത്ത് പോലീസ് കണ്ടെടുത്തു.

Other News in this category4malayalees Recommends