ഇംഗ്ലണ്ടില്‍ മാത്രമല്ല ഇന്ത്യയിലും തലവേദന ; ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിനിടെ മൈതാനത്തേക്ക് അതിക്രമിച്ചു കയറി വിവാദ യൂട്യൂബര്‍
ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിനിടെ മൈതാനത്തേക്ക് അതിക്രമിച്ചു കയറി വിവാദ യൂട്യൂബര്‍ ജാര്‍വോ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് 69ആം നമ്പര്‍ ജഴ്‌സിയും അണിഞ്ഞാണ് ജാര്‍വോ ചെന്നൈ എം.എ ചിദബരം സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ച് കടന്നത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ജാര്‍വോയെ പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടെ വിരാട് കോലിയും അടുത്തെത്തി. മൈതാനത്തിന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. ഡാനിയല്‍ ജാര്‍വിസ് എന്ന ഇയാള്‍ പ്രങ്ക് വീഡിയോകളിലൂടെ ശ്രദ്ധേയനാണ്. 2021ല്‍ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ജാര്‍വോ മൈതാനത്ത് എത്തിയിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആദ്യ വെള്ളക്കാരന്‍ എന്നായിരുന്നു ജാര്‍വോ സ്വയം വിശേഷിപ്പിച്ചത്. പിന്നീട് രോഹിത് ശര്‍മ ഔട്ടായ ഘട്ടത്തില്‍ പാഡണിഞ്ഞ് പിച്ചിലേക്ക് പ്ലേയറെ പോലെ കയറിവന്നു. അങ്ങനെ പലതവണ ഇന്ത്യന്‍ ജേഴ്‌സിയില്‍ ഈ ഇംഗ്ലീഷുകാരനെ ഗ്രൗണ്ടില്‍ കണ്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ പല സ്റ്റേഡിയങ്ങളിലും ജാര്‍വോയ്ക്ക് പ്രവേശന വിലക്കുണ്ട്. ചെന്നൈ ചെപ്പോക്കില്‍ അതിക്രമിച്ചുകയറയതിന് ജാര്‍വോയ്‌ക്കെതിരെ കേസ് എടുത്തേക്കുമെന്നാണ് സൂചന.