കാനഡയോട് ഗുഡ് ബൈ പറഞ്ഞ് മറ്റ് രാജ്യങ്ങളിലെ മികച്ച അവസരങ്ങള്‍ തേടിപ്പോകുന്ന കുടിയേറ്റക്കാരേറുന്നു; 2017ലും 2019ലും ഇവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു; കുടിയേറ്റക്കാര്‍ ഇവിടെയെത്തി നാല് മുതല്‍ ഏഴ് വര്‍ഷങ്ങള്‍ക്കിടെ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നു

കാനഡയോട് ഗുഡ് ബൈ പറഞ്ഞ് മറ്റ് രാജ്യങ്ങളിലെ മികച്ച അവസരങ്ങള്‍ തേടിപ്പോകുന്ന കുടിയേറ്റക്കാരേറുന്നു; 2017ലും 2019ലും ഇവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു;  കുടിയേറ്റക്കാര്‍ ഇവിടെയെത്തി നാല് മുതല്‍ ഏഴ് വര്‍ഷങ്ങള്‍ക്കിടെ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നു

കാനഡയോട് ഗുഡ് ബൈ പറഞ്ഞ് മറ്റ് രാജ്യങ്ങളില്‍ മികച്ച അവസരങ്ങള്‍ തേടിപ്പോകുന്ന കുടിയേറ്റക്കാര്‍ പെരുകുന്നുവെന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു. ഫെഡറല്‍ ഗവണ്‍മെന്റ് അടുത്ത മൂന്ന് വര്‍ഷങ്ങളിലേക്കുള്ള ഇമിഗ്രേഷന്‍ ടാര്‍ജറ്റിനെക്കുറിച്ച് വെളിപ്പെടുത്താനിരിക്കവേയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നതെന്നത് നിര്‍ണായകമായി വിലയിരുത്തപ്പെടുന്നു. 2017ലും 2019ലും കാനഡ വിട്ട് പോയ കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചിരുന്നുവെന്നാണ് ഇത് സംബന്ധിച്ച കണക്കുകള്‍ എടുത്ത് കാട്ടുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പും കോണ്‍ഫറന്‍സ് ബോര്‍ഡ് ഓഫ് കാനഡയും ചേര്‍ന്ന് നടത്തിയ ഒരു പഠനത്തിലൂടെയാണീ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.


ഇക്കാര്യത്തിലുള്ള ഹിസ്റ്റോറിക്കല്‍ ആവറേജിനേക്കാള്‍ 31 ശതമാനത്തിലധികമാണീ വര്‍ധനവെന്നും വെളിപ്പെട്ടിട്ടുണ്ട്. 2017നെയും 2019നെയും മാറ്റി നിര്‍ത്തിയാലും 1980 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാലും ഇത്തരത്തില്‍ കാനഡ വിട്ട് പോകുന്ന കുടിയേറ്റക്കാരുടെ എണ്ണം സ്ഥിരമായ വര്‍ധനവ് രേഖപ്പെടുത്തുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്.കാനഡയുടെ ഭാവിയിലെ അഭിവൃദ്ധി കുടിയേറ്റത്തെ ആശ്രയിച്ചാണെന്നും പ്രസ്തുത പഠനം എടുത്ത് കാട്ടുന്നു. കോണ്‍ഫറന്‍സ് ബോര്‍ഡ് ഓഫ് കാനഡ മുമ്പ് നടത്തിയ ഗവേഷണത്തെയും ഇതിനോട് ചേര്‍ത്ത് പ്രസ്തുത പഠനം ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

രാജ്യത്തെ ജിഡിപി വളര്‍ച്ചക്ക് കുടിയേറ്റം അനിവാര്യമാണെന്നായിരുന്നു മുമ്പത്തെ ആ ഗവേഷണത്തിലൂടെ വ്യക്തമായിരുന്നത്. കൂടാതെ രാജ്യത്തെ വര്‍ക്കര്‍-ടു-റിട്ടയറീ അനുപാതം മെച്ചപ്പെടുത്തുന്നതിനും തൊഴിലാളി ക്ഷാമം കുറയ്ക്കുന്നതിനും കുടിയേറ്റം കൂടിയേ കഴിയൂവെന്നായിരുന്നു ആ ഗവേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരുന്നത്.കാനഡയിലേക്ക് കുടിയേറിയവര്‍ ഇവിടെയെത്തി നാല് മുതല്‍ ഏഴ് വര്‍ഷങ്ങള്‍ക്കിടെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതിന് സാധ്യതയേറെയാണെന്നും പുതിയ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. കാനഡയിലേക്ക് കുടിയേറിയ ആദ്യ കാലത്ത് ഇവിടെ പോസിറ്റീവ് അനുഭവങ്ങളുണ്ടാകുന്നവര്‍ ഇവിടെ തന്നെ തുടരുന്ന സാധ്യതയും പഠനത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. പുതുതായി കാനഡയിലേക്ക് വരുന്നവര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റ് പരിഗണനയും മുന്‍ഗണനയും നല്‍കുന്നത് ഇതിന് സഹായിക്കുന്നുവെന്നും ഈ പഠനം എടുത്ത് കാട്ടുന്നു.

Other News in this category4malayalees Recommends