മോണ്‍ട്‌റിയയിലെ സിനഗോഗിന് നേരെ ആക്രമണ ശ്രമം; മുന്‍ വാതിലിലൂടെ തീപിടിക്കുന്ന വസ്തു വലിച്ചെറിഞ്ഞു; പോലീസ് അന്വേഷണം തിരുതകൃതി; അപലപിച്ച് പ്രധാനമന്ത്ര ട്രൂഡോ; കാനഡയില്‍ ജൂതര്‍ക്കെതിരായ ആക്രമണങ്ങള്‍ പെരുകുന്നു
മോണ്‍ട്‌റിയല്‍ ഏരിയയിലെ വെസ്റ്റ്‌ലാന്‍ഡിലെ ഡോള്ളാര്‍ഡ്-ഡെസ്-ഓര്‍മ്യൂക്‌സിലെ കോണ്‍ഗ്രിഗേഷന്‍ ബെത്ത് ടിക്വാഹ് സിനഗോഗില്‍ നടന്ന തീ വയ്പ് ശ്രമത്തില്‍ കടുത്ത ആശങ്കയും അമര്‍ഷവും രേഖപ്പെടുത്തി ഇവിടുത്തെ ജൂതസമൂഹം രംഗത്തെത്തി. പ്രസ്തുത സംഭവത്തെക്കുറിച്ച് മോണ്‍ട്‌റിയല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഇവിടെ തീവയ്പ് ശ്രമം നടന്നിരിക്കുന്നത്. രാത്രിയില്‍ സിനഗോഗിന്റെ മുന്‍വശത്തെ വാതിലിലൂടെയാണ് ആക്രമണശ്രമമുണ്ടായതെന്നാണ് മോണ്‍ട്‌റിയല്‍ പോലീസ് വക്താവായ സബ്രിന ഗൗതിയര്‍ വെളിപ്പെടുത്തുന്നത്. സിനഗോഗിന് സമീപത്തുള്ള കമ്മ്യൂണിറ്റി സെന്ററിനെയും ആക്രമികള്‍ ലക്ഷ്യം വച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇവിടെ ചെറിയ കേടുപാടുകള്‍ ഇതിനെ തുടര്‍ന്നുണ്ടായെന്നും അന്വേഷണം നടന്ന് വരുന്നുവെന്നും വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സ്ഥലത്ത് സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ വിലയിരുത്തി വരുകയാണെന്നും പോലീസ് പറയുന്നു.സംഭവം കടുത്ത ആശങ്കയുയര്‍ത്തുന്നതാണെന്നാണ് ഓര്‍ഗനൈസേഷന്‍ ബി നായ് ബ്രിത്ത് കാനഡ പ്രതികരിച്ചിരിക്കുന്നത്. സിനഗോഗിന്റെ മുന്‍വശത്തെ ഡോറിലൂടെ മോളോട്ടോവ് കോക്ക്‌ടെയില്‍ വലിച്ചെറിഞ്ഞതിന്റെ ഞെട്ടലില്‍ നിന്ന് കരകയറിയിട്ടില്ലെന്നാണ് ഈ സംഘടനയുടെ ക്യൂബെക്ക് റീജിണല്‍ ഡയറക്ടറായ ഹെന്‍ റി ടോപാസ് പ്രതികരിച്ചിരിക്കുന്നത്.
ഇത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എക്‌സിലൂടെ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഇത്തരം ആന്റിസെമിറ്റിസം മനോഭാവങ്ങള്‍ തീര്‍ത്തും അസ്വീകാര്യമാണെന്നും ഇതിനെ എല്ലായ്‌പോഴും അപലപിക്കുന്നുവെന്നും ഇത്തരം ആക്രമണങ്ങളെ ചെറുക്കുന്നതിനായി തന്റെ ഗവണ്‍മെന്റ് എപ്പോഴും ജൂത സമൂഹത്തിനൊപ്പമുണ്ടെന്നും ട്രൂഡോ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണ ശ്രമത്തെ തുടര്‍ന്ന് ഇവിടെയെത്തിയ ബി നായ് ബ്രിത്തിലെ അംഗങ്ങള്‍ മോണ്‍ട്‌റിയല്‍ പോലീസില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തെ തുടര്‍ന്ന് കാനഡയില്‍ ജൂതന്‍മാര്‍ക്കെതിരായ ഇത്തരം ആക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതിനിടെയാണ് ജൂത ദേവാലയത്തിന് നേരെയും ആക്രമണ ശ്രമമുണ്ടായിരിക്കുന്നതെന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.