അമേരിക്കന്‍ പ്രസിഡന്റും ചൈനീസ് പ്രസിഡന്റും തമ്മില്‍ ബുധനാഴ്ച കാലിഫോര്‍ണിയയില്‍ വച്ച് നിര്‍ണായക കൂടിക്കാഴ്ച; ഉഭയകക്ഷി വ്യാപാരം, തായ്‌വാന്‍, തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ അജണ്ടയില്‍; അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാത്തതിനാല്‍ സംയുക്ത പ്രഖ്യാപനമില്ല

അമേരിക്കന്‍ പ്രസിഡന്റും ചൈനീസ് പ്രസിഡന്റും തമ്മില്‍ ബുധനാഴ്ച കാലിഫോര്‍ണിയയില്‍ വച്ച് നിര്‍ണായക കൂടിക്കാഴ്ച; ഉഭയകക്ഷി വ്യാപാരം, തായ്‌വാന്‍, തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ അജണ്ടയില്‍;  അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാത്തതിനാല്‍ സംയുക്ത പ്രഖ്യാപനമില്ല
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ജിന്‍പിന്‍ഗും ബുധനാഴ്ച കാലിഫോര്‍ണിയയില്‍ വച്ച് നിര്‍ണായകമായ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ഉഭയകക്ഷി വ്യാപാരം, തായ് വാന്‍ , തുടങ്ങിയ നിര്‍ണായക വിഷയങ്ങളായിരിക്കും ഇരു നേതാക്കളും ചര്‍ച്ച ചെയ്യുകയെന്നാണ് സൂചന. വിരുദ്ധ ചേരികളിലുളള ലോകത്തിലെ ഇരു ശക്തികളുടെ നേതാക്കളുടെ സംഗമത്തെ ലോകം ജിജ്ഞാസയോടെയാണ് ഉറ്റുനോക്കുന്നത്.ലോകത്തിലെ രണ്ട് ബൃഹത്തായ സമ്പദ് വ്യവസ്ഥകളെ നയിക്കുന്നവരുടെ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അഭിപ്രായവ്യത്യാസങ്ങള്‍ക്ക് അയവ് വരുത്തുമെന്നുമാണ് ബൈഡന്‍ ഭരണകൂടത്തിലെ ഒഫീഷ്യലുകള്‍ പറയുന്നത്.

ഇരു നേതാക്കളും സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ വച്ചായിരിക്കും കൂടിക്കാഴ്ച നടത്തുകയെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒഫീഷ്യലുകള്‍ റിപ്പോര്‍ട്ടര്‍മാരോട് വെള്ളിയാഴ്ച സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ എവിടെ വച്ചായിരിക്കും ചര്‍ച്ചകള്‍ നടത്തുകയെന്ന് സുരക്ഷാകാരണങ്ങളാല്‍ വെളിപ്പെടുത്താനാവില്ലെന്നും ഒഫീഷ്യലുകള്‍ വ്യക്തമാക്കുന്നു. സാന്‍ഫ്രാന്‍സികോയില്‍ വച്ച് നടക്കുന്ന ഏഷ്യ പസിഫിക്ക് എക്കണോമിക് കോഓപ്പറേഷന്‍ സമ്മിറ്റിന്റെ പശ്ചാത്തലത്തില്‍ ബൈഡനും ജിന്‍പിന്‍ഗും കൂടിക്കാഴ്ച നടത്തുമെന്ന് ആഴ്ചകളായി വൈറ്റ് ഹൗസ് സൂചിപ്പിക്കുന്ന കാര്യമാണ്. ശനിയാഴ്ച മുതലാണ് സമ്മിറ്റ് ആരംഭിക്കുന്നത്.

ഇരു ലോകശക്തികളും തമ്മിലുള്ള പ്രധാന അഭിപ്രായവ്യത്യാസങ്ങള്‍ ഇനിയും പരിഹരിക്കപ്പെടാത്തതിനാല്‍ ഇരു നേതാക്കളും നടത്തുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ നിര്‍ണായകമായ സംയുക്ത പ്രഖ്യാപനങ്ങളൊന്നുമുണ്ടാകില്ലെന്നാണ് സൂചന. പകരം ഇരു ശക്തികളും തമ്മിലുള്ള മത്സരം ഫലപ്രദമായി മാനേജ് ചെയ്യല്‍, ഇരുപക്ഷവും തമ്മിലുള്ള കലഹങ്ങളെ തുടര്‍ന്നുള്ള റിസ്‌കുകള്‍ പ്രതിരോധിക്കല്‍ , ഇരു രാജ്യങ്ങളും തമ്മില്‍ ആശയവിനിമയത്തിനുള്ള വഴികള്‍ തുറക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പ് വരുത്താന്‍ ശ്രമിക്കാനായിരിക്കും ഈ ചര്‍ച്ചയിലൂടെ ബൈഡന്‍ ലക്ഷ്യമിടുന്നതെന്നാണ് ഒഫീഷ്യലുകള്‍ നല്‍കുന്ന സൂചന.കഴിഞ്ഞ വര്‍ഷം ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ചൈനയും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. യുഎസില്‍ നിന്നും അഡ്വാന്‍സ്ഡ് ടെക്‌നോളജി ഇറക്കുമതി ചെയ്യുന്നതിന് ചൈന ചില പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും യുഎസിന് മേലെ കൂടി പറന്ന ചൈനീസ് ചാര ബലൂണിനെ വെടിവച്ചിടാന്‍ ബൈഡന്‍ ഉത്തരവിട്ടതും പോലുള്ള ചില സംഭവങ്ങള്‍ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ വഷളാകുന്നതിന് കാരണങ്ങളായി വര്‍ത്തിച്ചിരുന്നു.

Other News in this category4malayalees Recommends