കാനഡയിലെ സിഖ് തീവ്രവാദി നിജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണത്തിന് കാനഡ തെളിവുകള്‍ ഹാജരാക്കണമെന്ന് ജയ്ശങ്കര്‍; ആരോപണം ആവര്‍ത്തിക്കുന്നുവെങ്കിലും ഇത് വരെ യാതൊരു തെളിവും ഹാജരാക്കിയില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി

കാനഡയിലെ സിഖ് തീവ്രവാദി നിജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണത്തിന് കാനഡ തെളിവുകള്‍ ഹാജരാക്കണമെന്ന് ജയ്ശങ്കര്‍; ആരോപണം ആവര്‍ത്തിക്കുന്നുവെങ്കിലും ഇത് വരെ യാതൊരു തെളിവും ഹാജരാക്കിയില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി
കാനഡയില്‍ വച്ച് സിഖ് തീവ്രവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ആരോപണത്തിന് തെളിവേകാന്‍ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് .ജയ്ശങ്കര്‍ ബുധനാഴ്ച രംഗത്തെത്തി. കാനഡയുടെ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തെ ഇന്ത്യ തള്ളിക്കളയാനില്ലെന്നും എന്നാല്‍ ഇതിന് വ്യക്തമായ തെളിവ് ഹാജരാക്കണമെന്നുമാണ് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. ട്രൂഡോയുടെ ഈ ആരോപണത്തെ ശക്തമായി നിഷേധിച്ച് ഇന്ത്യ നേരത്തെ രംഗത്തെത്തിയിരുന്നു. ട്രൂഡോയുടെ ഈ ആരോപണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വഷളായിരുന്നു.

പ്രമുഖ ജേര്‍ണലിസ്റ്റായ ലയണല്‍ ബാര്‍ബറുമായി ലണ്ടനില്‍ നടത്തിയ സംഭാഷണത്തിനിടെയാണ് ജയ്ശങ്കര്‍ ഇത്തരത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇത്തരത്തില്‍ ഇന്ത്യക്കെതിരെ ഗൗരവകരമായ ആരോപണം ഉന്നയിക്കുന്ന കാനഡ അതിനുള്ള തെളിവുകളും ഹാജരാക്കാന്‍ ബാധ്യസ്ഥരാണെന്നാണ് ജയ് ശങ്കര്‍ പറയുന്നത്. യുകെയില്‍ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി കാനഡയോട് തെളിവിനായി ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്.ഇത്തരമൊരു ആരോപണം കാനഡ ആവര്‍ത്തിച്ച് ഉയര്‍ത്തുന്നുണ്ടെങ്കിലും ഇതിനെ പിന്തുണക്കുന്ന യാതൊരു തെളിവുകളും ഇത് വരെ തങ്ങള്‍ക്ക് കൈമാറാന്‍ കാനഡക്ക് സാധിച്ചിട്ടില്ലെന്നും ജയ്ശങ്കര്‍ എടുത്ത് കാട്ടുന്നു.

അഭിപ്രായ സ്വാതന്ത്ര്യം, സംസാരിക്കാനുള്ള സ്വാതന്ത്ര്യം എന്നിവ ഇന്ത്യ അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ അതിനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗിക്കുന്നതിനോട് ഒരിക്കലും ഇന്ത്യക്ക് യോജിക്കാനാവില്ലെന്നും ജയ്ശങ്കര്‍ കാനഡയെ ഓര്‍മിപ്പിക്കുന്നു. കാനഡയില്‍ വളര്‍ന്ന് വരുന്ന ഇന്ത്യാ വിരുദ്ധ ഖലിസ്ഥാന്‍ വാദങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് ജയ്ശങ്കര്‍ ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ നേര്‍ക്ക് നടന്ന ആക്രമണങ്ങളെയും ജയ്ശങ്കര്‍ ഈ അവസരത്തില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ പെരുകുന്നത് തടയുന്നതില്‍ കാനഡ തീരെ ഉത്തരവാദിത്വം കാണിക്കാത്തതിലും ജയ്ശങ്കര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഖലിസ്ഥാനികള്‍ കാനഡയില്‍ ഇന്ത്യാ വിരുദ്ധ വികാരം വളര്‍ത്തുന്നതിനോട് ട്രൂഡോ സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നതിനെയും ജയ്ശങ്കര്‍ വിമര്‍ശിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends