യുഎസില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ ആക്രമാസക്തമാകുന്നു; സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്നലെ നടന്ന പ്രതിഷേധങ്ങളില്‍ ഗതാഗതം സ്തംഭിച്ചു; പലയിടത്തും ആക്രമണങ്ങള്‍; ഇസ്രായേലിന് യുഎസ് നല്‍കുന്ന സൈനിക സഹായങ്ങള്‍ നിര്‍ത്തി വയ്ക്കാനുളള ആവശ്യം ശക്തം

യുഎസില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ ആക്രമാസക്തമാകുന്നു; സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്നലെ നടന്ന പ്രതിഷേധങ്ങളില്‍ ഗതാഗതം സ്തംഭിച്ചു; പലയിടത്തും ആക്രമണങ്ങള്‍; ഇസ്രായേലിന് യുഎസ് നല്‍കുന്ന സൈനിക സഹായങ്ങള്‍ നിര്‍ത്തി വയ്ക്കാനുളള ആവശ്യം ശക്തം
യുഎസില്‍ പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ വര്‍ധിച്ച് വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.ഇത്തരത്തിലുള്ള ചില റാലികള്‍ ആക്രമണോത്സുകമാകുകയും ജനജീവിതത്തിന് ബുദ്ധിമുട്ടുകളുണ്ടാക്കാനും തുടങ്ങിയിരിക്കുന്നുവെന്നത് കടുത്ത ആശങ്കകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. യുദ്ധത്തില്‍ ഇസ്രായേലിനെ പിന്തുണക്കുന്ന യുഎസിന്റെ നിലപാടില്‍ കടുത്ത പ്രതിഷേധമാണ് ഇത്തരത്തില്‍ യുഎസില്‍ നടക്കുന്ന ചില റാലികളില്‍ ഉയരുന്നതെന്നത് അധികൃതര്‍ക്ക് കടുത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇന്നലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഇത്തരമൊരു റാലിയെ തുടര്‍ന്ന് ഇവിടുത്തെ രണ്ട് പ്രധാനപ്പെട്ട പാലങ്ങള്‍ പ്രതിഷേധക്കാര്‍ കൈയേറിയതിനെ തുടര്‍ന്ന് കടുത്ത ബുദ്ധിമുട്ടുകളാണ് മണിക്കൂറുകളോളം അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. ഓക്ക് ലാന്‍ഡ് ബേ ബ്രിഡ്ജില്‍ പ്രതിഷേധക്കാര്‍ നിരന്ന് നിന്നതിനെ തുടര്‍ന്ന് ഗതാഗതം കുറേ നേരം സ്തംഭിച്ചിരുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ഇസ്രായേലിന് യുഎസ് നല്‍കുന്ന സൈനിക സഹായം നിര്‍ത്തി വയ്ക്കണമെന്ന നിര്‍ണായക ആവശ്യം ഇവിടുത്തെ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു.ഇതിന് പുറമെ ബോസ്റ്റണ്‍-കേംബ്രിഡ്ജ് ബ്രിഡ്ജിന് മുകളിലും പ്രതിഷേധം കനത്തത് ഗതാഗത തടസ്സങ്ങളുണ്ടാക്കിയിരുന്നു.

സെനറ്റര്‍ എലിസബത്ത് വാറെന്‍ ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഇടപെട്ട് സമാധാനശ്രമങ്ങള്‍ക്കായി ശ്രമിക്കണമെന്നായിരുന്നു ഇവിടുത്തെ പ്രതിഷേധക്കാരുടെ ആവശ്യം. ഇതിന് പുറമെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ച് നടക്കുന്ന ഏഷ്യ-പസിഫിക്ക് എക്കണോമിക് കോഓപ്പറേഷന്‍ സമ്മിറ്റിലും പ്രതിഷേധക്കാര്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു.ഇത്തരത്തില്‍ ഹൈവേകള്‍ കൈയേറിയുള്ള പ്രതിഷേധങ്ങള്‍ നിയമവിരുദ്ധവും സ്വീകരിക്കാന്‍ പറ്റാത്തതുമാണെന്നും ഇത്തരം സമരങ്ങള്‍ എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് കടുത്ത തടസ്സങ്ങളുണ്ടാക്കുമെന്നും ഹൈവേ ട്രാഫിക്ക് ചീഫ് ബ്യൂചാംപ് മുന്നറിയിപ്പേകിയിട്ടും അതിനെ അവഗണിച്ചായിരുന്നു പലസ്തീന്‍ അനുകൂലികള്‍ പ്രകോപനമായ രീതിയില്‍ റാലികള്‍ നടത്തിയിരുന്നത്.

ഇത്തരത്തില്‍ വഴിതടസ്സങ്ങളുണ്ടാക്കിയതിന് പുറമെ പ്രതിഷേധക്കാര്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ഹെഡ്ക്വാര്‍ട്ടേര്‍സിന് വെളിയില്‍ നിരവധി ഏറ്റ് മുട്ടലുകളും നടത്തിയിരുന്നുവെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓക്ക്‌ലാന്‍ഡ് ബേ ബ്രിഡ്ജില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ആക്രമങ്ങള്‍ അഴിച്ച് വിടുകയും ചെയ്ത 50ല്‍ അധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ 15ഓളം വാഹനങ്ങളാണ് പ്രതിഷേധക്കാര്‍ മറിച്ചിട്ടിരിക്കുന്നതെന്നാണ് ഹൈവേ പട്രോള്‍ ചീഫ് വെളിപ്പെടുത്തുന്നത്. കോ ഓഡിനേറ്റഡ് ബേ ഏരിയയില്‍ നടന്ന പ്രതിഷേധത്തില്‍ പലസ്തീനില്‍ കൊല്ലപ്പെട്ടവരോട് ഐക്യധാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിഷേധക്കാര്‍ വെളുത്ത തുണി മൂടി റോഡില്‍ പ്രതീകാത്മകമായി മരിച്ച പോലെ കിടന്നിരുന്നു.

Other News in this category4malayalees Recommends