കാനഡയില്‍ വീട്ട് വാടക കുതിച്ചുയരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകളും സ്ഥിരീകരിക്കുന്നു. വണ്‍ ബെഡ്‌റൂം യൂണിറ്റുകള്‍ക്കുളള ശരാശരി വാടകയില്‍ 16 പ്രമുഖ കനേഡിയന്‍ സിറ്റികളിലും മാസാന്ത വര്‍ധനവ് ഏതാണ്ട് സ്ഥിരമായിരിക്കുന്നുവെന്നാണ് ഇത് സംബന്ധിച്ച നാഷണല്‍ ഡാറ്റ വെളിപ്പെടുത്തുന്നത്. ഒരു വണ്‍ ബെഡ്‌റൂം യൂണിറ്റിനുളള ശരാശരി വാടകയില്‍ ഒരു ശതമാനം വര്‍ധനവുണ്ടായി വാടക 1894 ഡോളറായിരിക്കുന്നുവെന്നാണ് നാഷണല്‍ കനേഡിയന്‍ റെന്റ് ഇന്റെക്‌സ് വെളിപ്പെടുത്തുന്നത്. അതേ സമയം രണ്ട് ബെഡ് റൂം യൂണിറ്റിനുള്ള വാടകയാകട്ടെ 0.3 ശതമാനം വര്‍ധിച്ച് 2350 ഡോളറിലാണെത്തിയിരിക്കുന്നത്.
1983ന് ശേഷം രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും വര്‍ധിച്ചിരിക്കുന്ന വേളയിലാണ് ഇത്തരത്തില്‍ വാടകയും കുതിച്ചുയര്‍ന്നിരിക്കുന്നതെന്നത് കടുത്ത പ്രഹരമാണ് ജനങ്ങള്‍ക്ക് മേലുണ്ടാക്കിയിരിക്കുന്നത്. ഒക്ടോബറില്‍ കാനഡയിലെ വാര്‍ഷിക വാടക വര്‍ധനവ് 9.9 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റെന്റല്‍സ്.സിഎ. വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ഏഴ് മാസങ്ങള്‍ക്കിടെ വാടകയിലുണ്ടായിരിക്കുന്ന ഏറ്റവും വലിയ വാര്‍ഷിക വര്‍ധനവാണിത്. കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടയില്‍ കാനഡയിലെ ആസ്‌കിംഗ് റെന്റ് റേറ്റുകളില്‍ പുതിയ റെക്കോര്‍ഡാണിട്ടിരിക്കുന്നത്. ഇത് പ്രകാരം ഇക്കാര്യത്തില്‍ 8.8 ശതമാനം മാസാന്ത വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് സംപേര്‍സ് കനേഡിയന്‍ റെന്റ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.
രാജ്യമാകമാനമുള്ള സജീവമായ ആയിരക്കണക്കിന് ലിസ്റ്റിംഗ്‌സുകളെ അടിസ്ഥാനമാക്കിയാണീ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വണ്‍ ബെഡ് റൂം യൂണിറ്റിന് ഏറ്റവും കൂടുതല്‍ ശരാശരി വാടകയുള്ളത് വാന്‍കൂവറിലാണ്. ഇതിന് ഇവിടെ പ്രതിമാസ വാടക 2780 ഡോളറായാണ് വര്‍ധിച്ചിരിക്കുന്നത്. ടൊറന്റോയില്‍ ഇത് 2550 ഡോളറാണ്. ബ്രിട്ടീഷ് കൊളംബിയയിലെ ബേണ്‍ബേ, വിക്ടോറിയ എന്നിവയെപ്പോലെയുളള ഏരിയകളിലാകട്ടെ ഇത് 2000 ഡോളറിലധികമാണ്. ഹാലിഫാക്‌സ്, കിച്ച്‌നെര്‍, ഒട്ടാവ, കെലോവ്‌ന, തുടങ്ങിയ സ്ഥലങ്ങളില്‍ വണ്‍ ബെഡ്‌റൂം യൂണിറ്റിനുള്ള ശരാശരി വാടക 1900 ഡോളറിന് മുകളിലാണ്. കാല്‍ഗറിയില്‍ ഇത് 1890 ഡോളറാണ്. 1880 ഡോളറുള്ള ഒഷാവയാണ് ഇക്കാര്യത്തില്‍ ഏറ്റവും പുറകിലുള്ളത്. വാര്‍ഷിക വാടക വര്‍ധനവിന്റെ കാര്യത്തില്‍ കാല്‍ഗറി(26 ശതമാനം), വിന്നിപെഗ്(21.7 ശതമാനം), ബേണ്‍ബൈ(21 ശതമാനം) എന്നീ മൂന്ന് നഗരങ്ങളാണ് മുന്നിലുള്ളത്.