ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍ നിര്‍ണായകമായ 2 പ്ലസ് 2 മിനിസ്റ്റീരിയല്‍ ഡയലോഗ് അടുത്ത ആഴ്ച; ലക്ഷ്യം സമഗ്രവും തന്ത്രപ്രധാനവുമായ പങ്കാളിത്തം ശക്തമാക്കല്‍; ചര്‍ച്ചക്കെത്തുന്ന ഓസ്‌ട്രേലിയന്‍ മന്ത്രിമാര്‍ ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് ഫൈനലും കാണും

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍ നിര്‍ണായകമായ 2 പ്ലസ് 2 മിനിസ്റ്റീരിയല്‍ ഡയലോഗ് അടുത്ത ആഴ്ച; ലക്ഷ്യം സമഗ്രവും തന്ത്രപ്രധാനവുമായ പങ്കാളിത്തം ശക്തമാക്കല്‍; ചര്‍ച്ചക്കെത്തുന്ന ഓസ്‌ട്രേലിയന്‍ മന്ത്രിമാര്‍ ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് ഫൈനലും കാണും
ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുളള നിര്‍ണായകമായ മന്ത്രിതല ചര്‍ച്ചകള്‍ അടുത്ത ആഴ്ച നടക്കുമെന്ന് റിപ്പോര്‍ട്ട് 2 പ്ലസ് 2 മിനിസ്റ്റീരിയല്‍ ഡയലോഗ് എന്നാണീ ചര്‍ച്ച അറിയപ്പെടുന്നത്. 2020 ജൂണില്‍ ഇത്തരത്തിലുള്ള ഒരു ചര്‍ച്ചയെ തുടര്‍ന്ന് ഇരു രാജ്യങ്ങളും സമഗ്രവും തന്ത്രപ്രധാനവുമായ പങ്കാളിത്തത്തിന് അടിത്തറയിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നിര്‍ണായകമായ ഒരു ഡീലിലും ഒപ്പ് വയ്ക്കപ്പെട്ടിരുന്നു. ലോജിസ്റ്റിക് സപ്പോര്‍ട്ടിനായി അങ്ങോട്ടുമിങ്ങോട്ടും സൈനിക ബേസുകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഇതിലൂടെ വഴിതുറക്കപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ 2 പ്ലസ് 2 മിനിസ്റ്റീരിയല്‍ ഡയലോഗിലൂടെ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയാണിപ്പോള്‍ ശക്തമായിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രിയായ പെന്നി വോന്‍ഗും പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ റിച്ചാര്‍ഡ് മാള്‍സും ഈ തന്ത്രപ്രധാനമായ ചര്‍ച്ചയില്‍ പങ്കെടുക്കാനായി തിങ്കളാഴ്ച ഇന്ത്യയിലെത്തുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ ചര്‍ച്ചക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച അഹമ്മദാബാദിലെ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മത്സരം കാണാനും ഈ ഓസ്‌ട്രേലിയന്‍ മന്ത്രിമാര്‍ സന്നിഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ തങ്ങള്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് ഇരു മന്ത്രിമാരും ഇത് വരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. പ്രതിരോധ- സുരക്ഷാ സഹകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഈ ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ ഇന്‍ഡോ-പസിഫിക്ക് റീജിയണില്‍ തന്ത്രപ്രധാനമായ സഹകരണം മെച്ചപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളും 2 പ്ലസ് 2 മിനിസ്റ്റീരിയല്‍ ഡയലോഗില്‍ ശ്രമിക്കുമെന്നാണ് കരുതുന്നത്. നിര്‍ണായകമായ ഈ ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമാണ് പങ്കെടുക്കുന്നത്. സ്വതന്ത്രമായതും തുറന്നതും സുരക്ഷിതവുമായ ഇന്‍ഡോ പസിഫിക്ക് സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ്മായ ക്വാഡില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും പങ്കാളികളാണ്. യുഎസും ജപ്പാനുമാണ് മറ്റ് രണ്ട് അംഗങ്ങള്‍. 2021 സെപ്റ്റംബറിലായിരുന്നു 2 പ്ലസ് 2 വിന്റെ പ്രാരംഭ മീറ്റിംഗ് നടന്നിരുന്നത്.

Other News in this category



4malayalees Recommends