കാനഡയിലെ പ്രമുഖ ഹൗസിംഗ് മാര്‍ക്കറ്റുകളിലെല്ലാം വീട് വില്‍പനക്ക് പ്രയാസങ്ങളേറി; വിലപേശലിന് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവാതെ പലരും വില്‍പന വൈകിപ്പിക്കുന്നു; വിലയേറിയ സാഹചര്യത്തില്‍ വാങ്ങലുകാര്‍ മാര്‍ക്കറ്റിലേക്കെത്തുന്നത് അതീവ മുന്‍കരുതലോടെ

കാനഡയിലെ പ്രമുഖ ഹൗസിംഗ് മാര്‍ക്കറ്റുകളിലെല്ലാം വീട് വില്‍പനക്ക് പ്രയാസങ്ങളേറി; വിലപേശലിന് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവാതെ പലരും വില്‍പന വൈകിപ്പിക്കുന്നു; വിലയേറിയ സാഹചര്യത്തില്‍ വാങ്ങലുകാര്‍ മാര്‍ക്കറ്റിലേക്കെത്തുന്നത് അതീവ മുന്‍കരുതലോടെ
കാനഡയിലെ പല പ്രമുഖ ഹൗസിംഗ് മാര്‍ക്കറ്റുകളിലും വീട് വില്‍പനക്ക് നിലവില്‍ ഏറെ പ്രയാസങ്ങള്‍ നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്.ഹൗസിംഗ് ആക്ടിവിറ്റികള്‍ കുറഞ്ഞതിനാല്‍ നിരവധി ഹോം സെല്ലര്‍മാര്‍ വില കുറച്ച് കൊടുക്കാന്‍ അല്ലെങ്കില്‍ തങ്ങളുടെ വില്‍പന പദ്ധതി അടുത്ത വര്‍ഷം വരെയെങ്കിലും വൈകിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ വീട് വിലകള്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നാണ് ഹൗസിംഗ് ആക്ടിവിറ്റികള്‍ മന്ദഗതിയിലായിരിക്കുന്നത്. നിലവിലെ ഹൗസിംഗ് മാര്‍ക്കറ്റില്‍ വീട് വില്‍ക്കാനിറങ്ങുന്നവര്‍ക്ക് ക്ഷമയും വില അയവും നിര്‍ബന്ധമായിരിക്കുന്നുവെന്നാണ് റിയല്‍ എസ്‌റ്റേറ്റ് എക്‌സ്പര്‍ട്ടുകള്‍ ഗ്ലോബല്‍ ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

നിലവിലെ സാഹചര്യം പരിഗണിച്ച് ഇപ്പോള്‍ വീട് വില്‍ക്കാനുള്ള പദ്ധതി മാറ്റി വച്ച് മികച്ച ഡീല്‍ ലഭിക്കാന്‍ അടുത്ത സ്പ്രിംഗ് സീസണ്‍ വരെയെങ്കിലും കാത്തിരിക്കാന്‍ തീരുമാനമെടുത്ത ഹോം സെല്ലര്‍മാരേറെയുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മിക്ക ഹൗസിംഗ് മാര്‍ക്കറ്റുകളിലും ആക്ടിവിറ്റികളില്‍ കാര്യമായ ഇടിവുണ്ടായിരിക്കുന്നുവെന്നാണ് ഒക്ടോബറിലെ വില്‍പന കണക്കുകള്‍ പുറത്ത് വിട്ട് കൊണ്ട് കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ വിറ്റ് പോയ വീടുകളുടെ എണ്ണത്തില്‍ 5.6 ശതമാനം ഇടിവുണ്ടായിരിക്കുന്നുവെന്നാണ് കനേഡിയന്‍ റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സി വെളിപ്പെടുത്തുന്നത്.

ഉയര്‍ന്ന പലിശനിരക്ക് കാരണം തങ്ങളുടെ വാങ്ങല്‍ ശക്തി പരിമിതപ്പെടുത്തിയതിനാല്‍ വാങ്ങലുകാര്‍ വന്‍ മുന്‍കരുതലുകളോടെയാണ് മാര്‍ക്കറ്റിലേക്ക് എത്തുന്നതെന്നാണ് ഈ ഏജന്‍സിയുടെ ചെയറായ ലാറി സെര്‍ക്വ പറയുന്നത്. ഒന്റാറിയോവിലെ കിംഗ്‌സ്റ്റണില്‍ ഒക്ടോബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ വിറ്റ് പോയ വീടുകളുടെ എണ്ണത്തില്‍ ഒമ്പത് ശതമാനം വാര്‍ഷിക ഇടിവ് രേഖപ്പെടുത്തിയെന്നാണ് റീ-മാക്‌സ്‌ക ഫൈനസ്റ്റ് റിയല്‍റ്റിയിലെ ഏജന്റായ ലോര്‍ന വില്ലിസ് വെളിപ്പെടുത്തുന്നത്. ഇവിടെ വീടുകളുടെ വാര്‍ഷിക വിലയിടിവ് 5.3 ശതമാനം രേഖപ്പെടുത്തിയെന്നും ലോര്‍ന പറയുന്നു. ഈ അവസരത്തില്‍ നാഷണല്‍ സെയില്‍സ്-ടു-ന്യൂ ലിസ്റ്റിംഗ് റേഷ്യോ ഒക്ടോബറില്‍ 49.5 ശതമാനമായെന്നും പത്ത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരമാണിതെന്നും കനേഡിയന്‍ റിയല്‍ എസ്‌റ്റേറ്റ് അസോസിയേഷന്‍ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends