ഓസ്‌ട്രേലിയന്‍ ഡൈവര്‍മാര്‍ക്ക് ചൈനയുടെ സോണാര്‍ പള്‍സ് പ്രയോഗത്തില്‍ പരുക്ക്; സംഭവം നടന്നത് ജപ്പാന്റെ എക്‌സ്‌ക്ലുസീവ് എക്കണോമിക് സോണില്‍; അന്താരാഷ്ട്ര സമുദ്രഭാഗത്തെ ചൈനീസ് നേവിയുടെ ചെയ്തിയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഓസ്‌ട്രേലിയ
അന്താരാഷ്ട്ര സമുദ്രഭാഗത്ത് ചൈനീസ് നേവി സോണാര്‍ പള്‍സുകള്‍ ഉപയോഗിക്കുന്നുവെന്നും ഇതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഡൈവര്‍മാര്‍ക്ക് പരുക്കേല്‍ക്കുന്നുവെന്നും ആരോപിച്ച് ഓസ്‌ട്രേലിയ രംഗത്തെത്തി.ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രിയായ റിച്ചാര്‍ഡ് മാള്‍സാണ് ഈ ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ജപ്പാന് സമീപത്തുള്ള കടല്‍ഭാഗത്തേക്ക് ചൈനീസ് യുദ്ധക്കപ്പല്‍ ഈ വാരത്തില്‍ കടന്ന് കയറിയ സമയത്താണീ നടപടിയുണ്ടായിരിക്കുന്നതെന്നാണ് ആരോപണം. ഓസ്‌ട്രേലിയന്‍ ഡൈവര്‍മാര്‍ ഓസ്‌ട്രേലിയന്‍ ഫ്രിഗേറ്റിലെ പ്രൊപ്പല്ലറില്‍ നിന്നും ഫിഷിംഗ് നെറ്റുകള്‍ ക്ലീയര്‍ ചെയ്യുന്നതിനിടയില്‍ ചൈനീസ് യുദ്ധക്കപ്പല്‍ ഇവിടേക്കെത്തി സോണാല്‍ പള്‍സുകള്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് മാള്‍സ് ആരോപിക്കുന്നത്.
ഇത് ഓസ്‌ട്രേലിയന്‍ ഡൈവര്‍മാര്‍ക്ക് കടുത്ത സുരക്ഷാഭീഷണിയുണ്ടാക്കിയതിനെ തുടര്‍ന്ന് അവര്‍ വെള്ളത്തില്‍ നിന്ന് പുറത്തേക്ക് വരാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. സോണാര്‍ പ്രയോഗത്തെ തുടര്‍ന്ന് ഡൈവര്‍മാര്‍ക്ക് പരുക്കേറ്റുവെന്നും ഓസ്‌ട്രേലിയ ആരോപിക്കുന്നു. സൈന്യത്തെ പ്രഫണലായും സുരക്ഷിതമായും ചൈനയടക്കമുളള രാജ്യങ്ങള്‍ ഉപയോഗിക്കുമെന്ന പ്രതീക്ഷയാണ് ഓസ്‌ട്രേലിയ പുലര്‍ത്തി വരുന്നതെന്നും എന്നാല്‍ ചൈനയുടെ ഭാഗത്ത് നിന്ന് ഇപ്പോള്‍ ഇതിന് വിരുദ്ധമായ നീക്കമാണുണ്ടായിരിക്കുന്നതെന്നും മാള്‍സ് കുറ്റപ്പെടുത്തുന്നു. ഓസ്‌ട്രേലിയന്‍ ലോംഗ് റേഞ്ച് ഫ്രിഗേറ്റ് എച്ച്എംഎഎസ് ടൂവൂംബ നോര്‍മല്‍ മാരിടൈം ചാനലുകളുമായി ആശയവിനിമയം നടത്തിയാണ് ഡൈവിംഗ് ഓപ്പറേഷനുകള്‍ക്കിറങ്ങാറുള്ളതെന്നും അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട സിഗ്നലുകളാണിതിന് ഉപയോഗിക്കുന്നതെന്നും മാള്‍സ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.
എന്നിട്ടും ചൈന തങ്ങളുടെ ഡൈവര്‍മാര്‍ക്കെതിരെ സോണാര്‍ പള്‍സുകള്‍ ഉപയോഗിച്ചതിനെ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും മാള്‍സ് പറയുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് ചൈനീസ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല.സോണാല്‍ പള്‍സുകളില്‍ നിന്ന് പുറപ്പെടുന്ന ഉയര്‍ന്ന ശബ്ദം ഡൈവര്‍മാരില്‍ തളര്‍ച്ച, കേള്‍വിത്തകരാറ്, മറ്റ് പരുക്കുകള്‍ തുടങ്ങിയവയുണ്ടാക്കുമെന്നാണ് ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡൈവിംഗ് മെഡിക്കല്‍ അഡൈ്വസറി കമ്മിറ്റി പറയുന്നത്. ജപ്പാന്റെ എക്‌സ്‌ക്ലുസീവ് എക്കണോമിക് സോണിലാണ് വ്യാഴാഴ്ച ഡൈവര്‍മാര്‍ക്കെതിരെ ചൈന സോണാര്‍ പള്‍സുകള്‍ പ്രയോഗിച്ചിരിക്കുന്നത്.