ഓസ്‌ട്രേലിയയിലും പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ ആക്രമാസക്തമാകുന്നു; ഇന്നലെ മെല്‍ബണ്‍ സിബിഡിയില്‍ നടന്ന റാലിയില്‍ നൂറ് കണക്കിന് പേര്‍; ഗാസയില്‍ വെടിനിര്‍ത്തലിന് ഓസ്‌ട്രേലിയ മുന്‍കൈയെടുക്കണമെന്ന ആവശ്യം ശക്തം

ഓസ്‌ട്രേലിയയിലും പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ ആക്രമാസക്തമാകുന്നു; ഇന്നലെ മെല്‍ബണ്‍ സിബിഡിയില്‍ നടന്ന റാലിയില്‍ നൂറ് കണക്കിന് പേര്‍; ഗാസയില്‍ വെടിനിര്‍ത്തലിന് ഓസ്‌ട്രേലിയ മുന്‍കൈയെടുക്കണമെന്ന ആവശ്യം ശക്തം
ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെന്ന പോലെ ഓസ്‌ട്രേലിയയിലും പലസ്തീന്‍ അനുകൂല മാര്‍ച്ചുകള്‍ വര്‍ധിച്ച് വരുന്നുവെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച മെല്‍ബണ്‍ സിബിഡിയില്‍ നടന്ന മാര്‍ച്ചില്‍ നൂറ് കണക്കിന് പേരാണ് പങ്കെടുത്തിരിക്കുന്നത്. ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് മുന്‍കൈയെടുക്കണമെന്നായിരുന്നു മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നത്. സിബിഡിക്ക് എട്ട് കിലോമീറ്റര്‍ വടക്ക് മാറിയുള്ള ബെല്‍ സെന്റ് റിസര്‍വ് കോബര്‍ഗില്‍ മുന്നുറോളം പേരായിരുന്നു പലസ്തീന്‍ അനുകൂല മാര്‍ച്ചിനായി തടിച്ച് കൂടിയിരുന്നത്.

ശനിയാഴ്ച രാവിലെ 11 മണിക്കാണ് ഇവിടെ ഇവരുടെ സംഗമം നടന്നത്. ഗാസയില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി ലേബര്‍ പാര്‍ട്ടി ഉടനടി മുന്‍കൈയെടുക്കണമെന്നായിരുന്നു ഇവര്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നത്. ഇതിനായുള്ള മുദ്രാവാക്യങ്ങളും ഈ ആവശ്യം എഴുതിയ ബാനറുകളും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തിയിരുന്നു. ഇവിടെ ഒരു മണിക്കൂറോളം നേരം നടന്ന പ്രകോപനപരമായ പ്രസംഗങ്ങള്‍ക്ക് ശേഷം ഇവര്‍ സിഡ്‌നി റോഡിലുള്ള ഫെഡറല്‍ ലേബര്‍ എംപി പീറ്റര്‍ ഖാലിലിന്റെ ഓഫീസിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. ഗാസ പ്രശ്‌നത്തില്‍ ഇടപെടാതെ പീറ്ററിന് ഒളിച്ച് കളിക്കാനാവില്ലെന്നും ഈ നടപടി നാണക്കേടാണെന്നും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പ്രകടനക്കാര്‍ എംപിയുടെ ഓഫീസിലേക്ക് കടക്കാനുളള സാധ്യത ഭയന്ന് പോലീസുകാര്‍ ഓഫീസിന്റെ ഗ്ലാസ് ഡോറിന് മുന്നില്‍ നിരന്ന് നിന്ന് പ്രതിരോധം തീര്‍ത്തിരുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പാര്‍ലിമെന്റില്‍ പ്രമേയം അവതരിപ്പിക്കാനുള്ള സമ്മര്‍ദം ഈ എംപിയുടെ മേല്‍ ശക്തമായി വരുകയാണ്. ബുധനാഴ്ച ഖാലിലിന്റെ ഓഫീസിലേക്ക് പ്ലാസ്റ്റിക് ബാഗുകള്‍ പലസ്തീന്‍ അനുകൂലികള്‍ വലിച്ചെറിഞ്ഞിരുന്നു. '' നോ മോര്‍ ബോഡീസ് ഇന്‍ ഗാസ '' എന്ന് ഈ ബാഗുകള്‍ക്ക് മേല്‍ എഴുതി വച്ചിരുന്നു. ഗാസയിലെ ബോഡി ബാഗുകളെ പ്രതിനിധീകരിച്ചായിരുന്നു ഇവര്‍ ഈ ബാഗുകള്‍ വലിച്ചെറിഞ്ഞിരുന്നത്. ഈ മനുഷ്യാവകാശ പ്രശ്‌നത്തില്‍ ഇടപെടാന്‍ സാധിക്കുന്നില്ലെങ്കില്‍ എംപി പണി നിര്‍ത്തി പോകാനും ഖാലിലിനോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. തനിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലായി ഇത്തരം അതിക്രമങ്ങള്‍ പെരുകുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഖലില്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends