നടപ്പാതയില്‍ പൊട്ടിവീണുകിടന്ന വൈദ്യുതലൈനില്‍നിന്ന് ഷോക്കേറ്റ് യുവതിക്കും ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനും ദാരുണമരണം. എകെജി കോളനി സ്വദേശിനി സൗന്ദര്യ (23), മകള്‍ സുവിക്ഷ എന്നിവരാണ് മരണപ്പെട്ടത്.
ഞായറാഴ്ച രാവിലെ ആറോടെ വൈറ്റ്ഫീല്‍ഡിലെ ഹോപ് ഫാം ജങ്ഷനിലായിരുന്നു അപകടം. സൗന്ദര്യ കുഞ്ഞിനെയുമെടുത്ത് അമ്മയുടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു. ഇതിനിടെയാണ് നടപ്പാതയിലെ വൈദ്യുതലൈനില്‍ അറിയാതെ ചവിട്ടിയത്. ഷോക്കേറ്റ് ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
കാഡുഗോടി പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് ഇവരുടെ ട്രോളിബാഗും മറ്റുവസ്തുക്കളും ചിതറിക്കിടപ്പുണ്ടായിരുന്നു. നഗരത്തിന്റെ പലഭാഗങ്ങളിലും നടപ്പാതകളില്‍ ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ വീണുകിടപ്പുണ്ടായിരുന്നു. വൈദ്യുതി ലൈന്‍ വീണ് കിടക്കുന്നത് കണ്ടിട്ടും ഇത്തരം കേബിളായിരിക്കുമെന്ന് കരുതിയാകാം യുവതി ചവിട്ടിയതെന്നു പോലീസ് പറഞ്ഞു.