ഒടുവില്‍ മാപ്പ്, സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തി മന്‍സൂര്‍ അലി ഖാന്‍

ഒടുവില്‍ മാപ്പ്, സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തി മന്‍സൂര്‍ അലി ഖാന്‍
ഏറെ വിവാദമായ സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ പൊലീസിനുമുന്നില്‍ ഖേദപ്രകടനം നടത്തി നടന്‍ മന്‍സൂര്‍ അലി ഖാന്‍. വ്യാഴാഴ്ച തൗസന്റ് ലൈറ്റ്‌സ് വനിതാ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായ മന്‍സൂര്‍ അലിഖാന്‍, നടി തൃഷ അടക്കമുള്ളവരെ ബന്ധപ്പെടുത്തി താന്‍ നടത്തിയ പരാമര്‍ശം അവര്‍ക്ക് വേദനയുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്ന് മൊഴി നല്‍കി.

താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഒരിക്കലും മാപ്പുപറയില്ലെന്നുമായിരുന്നു നേരത്തെ മന്‍സൂര്‍ അലി ഖാന്റെ നിലപാട്. എന്നാല്‍, ഇപ്പോള്‍ ഖേദപ്രകടനത്തിന് തയ്യാറാകുകയായിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യംതേടി സമര്‍പ്പിച്ച ഹര്‍ജി വാദം കേള്‍ക്കുന്നതിനുമുമ്പ് പിന്‍വലിച്ചത് കോടതിയുടെ വിമര്‍ശനത്തിന് കാരണമായി.

ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടി തൃഷയ്‌ക്കെതിരായി മന്‍സൂര്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദത്തിനാണ് വഴിയൊരുക്കിയത്. ലിയോയില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചുവെന്നായിരുന്നു നടന്‍ പറഞ്ഞത്. തൃഷ തന്നെയാണ് നടനെതിരേ ആദ്യം ശക്തമായി രംഗത്തുവന്നത്. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു.

ഇതിനുപിന്നാലെ മന്‍സൂര്‍ അലിഖാനെതിരെ സിനിമാലോകത്തുനിന്ന് വ്യാപക പ്രതിഷേധവും ഉയര്‍ന്നു. മന്‍സൂര്‍ അലി ഖാന്‍ മാപ്പ് പറയണം എന്ന് നടികര്‍ സംഘം ആവശ്യപ്പെട്ടിരുന്നു. ഞെട്ടിക്കുന്ന ഒന്നായിരുന്നു ആ പരാമര്‍ശം. മന്‍സൂറിന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്യുമെന്നും താര സംഘടന വ്യക്തമാക്കിയിരുന്നു.

Other News in this category



4malayalees Recommends