കാനഡക്കാരുടെ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം 2022ല്‍ 81.3 വര്‍ഷമായി ഇടിഞ്ഞു; പ്രധാന കാരണം കോവിഡ് മരണങ്ങളേറിയത്; ആയുര്‍ദൈര്‍ഘ്യത്തില്‍ ഏറ്റവും കുറവുണ്ടായത് ന്യൂ ബ്രുന്‍സ്‌വിക്കില്‍; കഴിഞ്ഞ വര്‍ഷം രാജ്യത്തെ മരണകാരണങ്ങളില്‍ മൂന്നാമനായി മാറി കോവിഡ്

കാനഡക്കാരുടെ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം 2022ല്‍ 81.3 വര്‍ഷമായി ഇടിഞ്ഞു; പ്രധാന കാരണം കോവിഡ് മരണങ്ങളേറിയത്; ആയുര്‍ദൈര്‍ഘ്യത്തില്‍ ഏറ്റവും കുറവുണ്ടായത് ന്യൂ ബ്രുന്‍സ്‌വിക്കില്‍; കഴിഞ്ഞ വര്‍ഷം രാജ്യത്തെ മരണകാരണങ്ങളില്‍ മൂന്നാമനായി മാറി കോവിഡ്
കാനഡയിലുളളവരുടെ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം 2022ല്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇടിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ച വര്‍ഷവുമായിരുന്നു 2022 എന്നാണ് തിങ്കളാഴ്ച പുറത്ത് വിട്ട റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നത്. കഴിഞ്ഞ വര്‍ഷത്തെ മരണങ്ങളെക്കുറിച്ചുളള സ്റ്റാറ്റിറ്റിക്‌സ് കാനഡയുടെ വിശകലനമനുസരിച്ച് കാനഡക്കാരുടെ ശരാശരി പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം 81.3 വര്‍ഷമായാണ് 2022ല്‍ ഇടിഞ്ഞിരിക്കുന്നത്. 2019ല്‍ ഇത് 82.3 വര്‍ഷമായിരുന്നതില്‍ നിന്നുള്ള ഇടിവാണിത്. കഴിഞ്ഞ വര്‍ഷം കൂടുതല്‍ മരണങ്ങള്‍ രാജ്യത്തുണ്ടായതിനെ തുടര്‍ന്ന് പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം ഇടിയുകയായിരുന്നുവെന്നും ചെറുപ്പക്കാര്‍ കൂടുതലായി മരിച്ചതാണ് ഇതിന് പ്രധാന കാരണമെന്നും പ്രസ്തുത റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം കാനഡക്കാരുടെ മരണത്തിന്റെ പ്രധാനപ്പെട്ട മൂന്നാമത്തെ കാരണമായിരുന്നു കോവിഡ് 19 എന്നും ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കോവിഡ് 2020ല്‍ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അപകടകാരണമുള്ള മരണങ്ങളെ കഴിഞ്ഞ വര്‍ഷം കോവിഡ് മരണങ്ങള്‍ ആദ്യമായി മറി കടന്നുവെന്നും സ്റ്റാറ്റിറ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു. വിവിധ കോവിഡ് 19 വേരിയന്റുകള്‍ മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിത്തീരുകയായിരുന്നു. കോവിഡ് സംബന്ധമായ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതും മാസ്‌ക് ധരിക്കണമെന്നുള്ള നിബന്ധനകള്‍ ഇല്ലാതാക്കിയതും കോവിഡ് കാരണമുള്ള മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം കാനഡയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് കാന്‍സര്‍ ബാധിച്ചാണ്. മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനം ഹൃദ്രോഗത്തിനാണ്. 2022ല്‍ കാനഡയിലുണ്ടായ മരണങ്ങളില്‍ 41.8 ശതമാനവും ഈ കാരണങ്ങള്‍ മൂലമാണ്. രാജ്യത്തെ പ്രൊവിന്‍സുകളില്‍ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം ഏറ്റവും കുറഞ്ഞിരിക്കുന്നത് ന്യൂ ബ്രുന്‍സ് വിക്കിലാണ്. ഇവിടെ 2021ല്‍ ഇത് 80.9 വര്‍ഷമായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 79.8 വര്‍ഷമായി താഴുകയായിരുന്നു.കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം ഏറ്റവും കുറഞ്ഞിരിക്കുന്നത് സാസ്‌കറ്റ്ച്യൂവാനിലാണ്. അതായത് 2019ല്‍ ഇവിടെ ഇത് 80.5 വര്‍ഷമായിരുന്നുവെങ്കില്‍ 2022ല്‍ അത് 78.5 വര്‍ഷമായി താഴുകയായിരുന്നു.

Other News in this category



4malayalees Recommends