ക്ലൈമാക്‌സിനുള്ള ബജറ്റ് ആ സമയത്ത് ഞങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല, പൂണൈയില്‍ നടന്ന റേസിങ് മത്സരം ക്ലൈമാക്‌സില്‍ കാണിക്കുകയായിരുന്നു ; ബാംഗ്ലൂര്‍ ഡേയ്‌സിനെ കുറിച്ച് അഞ്ജലി മേനോന്‍

ക്ലൈമാക്‌സിനുള്ള ബജറ്റ് ആ സമയത്ത് ഞങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല, പൂണൈയില്‍ നടന്ന റേസിങ് മത്സരം ക്ലൈമാക്‌സില്‍ കാണിക്കുകയായിരുന്നു ; ബാംഗ്ലൂര്‍ ഡേയ്‌സിനെ കുറിച്ച് അഞ്ജലി മേനോന്‍
'ബാംഗ്ലൂര്‍ ഡെയ്‌സ്' സിനിമയുടെ ക്ലൈമാക്‌സില്‍ ചിത്രീകരിച്ചിരിക്കുന്നത് യഥാര്‍ഥ സൂപ്പര്‍ ക്രോസ് റേസിങ് മത്സരമാണെന്ന് സംവിധായിക അഞ്ജലി മേനോന്‍. റേസ് സെറ്റിട്ട് ചെയ്യാനുള്ള ബജറ്റ് ഇല്ലാത്തതിനാല്‍ പൂണൈയില്‍ നടന്ന റേസിങ് മത്സരം ക്ലൈമാക്‌സില്‍ കാണിക്കുകയായിരുന്നു എന്നാണ് സംവിധായിക പറയുന്നത്. അന്നത്തെ നാഷണല്‍ ചാംപ്യനായ അരവിന്ദ് കെ.പിയുടെ ഭാഗങ്ങളാണ് ദുല്‍ഖറിന്റെതായി സിനിമയില്‍ ചിത്രീകരിച്ചത്. അരവിന്ദ് പരാജയപ്പെട്ട റേസും വിജയിച്ച റേസും എഡിറ്റ് ചെയ്താണ് സിനിമ എത്തിച്ചത് എന്നാണ് അഞ്ജലി പറയുന്നത്.

അഞ്ജലി മേനോന്റെ വാക്കുകള്‍:

സിനിമയുടെ ക്ലൈമാക്‌സില്‍ ചിത്രീകരിച്ചിരുന്ന വലിയൊരു റേസ് ഉണ്ട്. സത്യത്തില്‍ അങ്ങനെയൊരു റേസ് ചിത്രീകരിക്കാനുള്ള ബജറ്റ് ആ സമയത്ത് ഞങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ആ സമയത്ത് പൂണൈയില്‍ ഇതു പോലൊരു സൂപ്പര്‍ക്രോസ് ടൂര്‍ണമെന്റ് നടക്കുന്നുണ്ടെന്ന കാര്യം അറിയുന്നത്. വൈകിട്ട് ഏഴ് മണി മുതല്‍ പത്ത് മണി വരെയാണ് സൂപ്പര്‍ക്രോസ് റേസ് നടക്കുന്നത്. അന്നത്തെ നാഷണല്‍ ചാംപ്യനായ അരവിന്ദ് കെ.പിയെ ഞങ്ങള്‍ കണ്ട് കാര്യങ്ങള്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ ചെയ്ത അജു എന്ന കഥാപാത്രമായി അരവിന്ദിനെയാണ് റേസില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിക്കുന്നത്. അങ്ങനെ അവിടെ എത്തി റേസ് ചിത്രീകരിക്കാനുള്ള തയാറെടുപ്പുകളൊക്കെ നടത്തി. നിര്‍ഭാഗ്യവശാല്‍ ആദ്യ റേസില്‍ അരവിന്ദ് പരാജയപ്പെട്ടു. എനിക്കും ആകെ വിഷമമായി. നമ്മുടെ ഹീറോയാണ് അയാള്‍. അദ്ദേഹം പരാജയപ്പെട്ടാല്‍ ഇനി എന്തു ചെയ്യുമെന്ന് അറിയില്ല. ആകെ രണ്ട് റേസ് ആണ് അരവിന്ദിന് ഉണ്ടായിരുന്നത്, ആദ്യ റേസും അവസാന റേസും. ഞങ്ങളുടെ ക്യാമറാമാനും ആവേശത്തിലായിരുന്നു.

മുഴുവന്‍ ഫോക്കസും അരവിന്ദിനു നേരെയായിരുന്നു. അതുകൊണ്ട് റേസിന് ഇടയിലുള്ള കുറച്ച് സമയങ്ങളില്‍ ക്യാമറാമാന്‍ ഉണ്ടായിരുന്നില്ല. ലാസ്റ്റ് റേസ് ആണ് ഇനി ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഭാഗ്യവശാല്‍ ക്യാമറ ക്രൂ അത് കൃത്യമായി പ്ലാന്‍ ചെയ്തു. അങ്ങനെ ഭാഗ്യവശാല്‍ ഞങ്ങള്‍ ചിത്രീകരിച്ച ആ ലാസ്റ്റ് റേസില്‍ അരവിന്ദ് വിജയിച്ചു. അതേ കഥാപാത്രം തോല്‍ക്കുകയും ജയിക്കുകയും ചെയ്യുന്ന ഫൂട്ടേജ് ആണ് ഞങ്ങള്‍ക്കവിടെ നിന്നും ലഭിച്ചത്. ഞങ്ങള്‍ അത് ഒരുമിച്ച് എഡിറ്റ് ചെയ്തു.

റേസിന്റെ തുടക്കം അജു പരാജയപ്പെടുന്നതായും അങ്ങനെ അവസാനം അവന്‍ വിജയിക്കുന്നതായും കാണിക്കുവാനായി. സത്യത്തില്‍ അതൊരു വലിയ ഭാഗ്യമായി കാണുന്നു. ആ ക്ലൈമാക്‌സില്‍ കാണുന്നതെല്ലാം റിയല്‍ ലൈഫ് ഫൂട്ടേജ് ആണ്. എന്നാല്‍ ഒരു ഡ്രാമ സൃഷ്ടിക്കപ്പെടുമ്പോള്‍ ഡ്രമാറ്റിക് നിമിഷങ്ങളും ഉണ്ടാകണം. അതിനാല്‍ ഞങ്ങളുടെ ആര്‍ട് ടീം അത് വളരെ മനോഹരമായി പുനഃസൃഷ്ടിച്ചു.


Other News in this category4malayalees Recommends