സോജില ചുരത്തില്‍ അപകടത്തില്‍പ്പെട്ട ചിറ്റൂരില്‍ നിന്നുള്ള 13 പേരുടെ സംഘം നവംബര്‍ 30നാണ് ട്രെയിനില്‍ പുറപ്പെട്ടത്. സുഹൃത്തുക്കള്‍ ചേര്‍ന്നു ചിട്ടി നടത്തിയാണ് തുക സ്വരൂപിച്ചത്. 5 വര്‍ഷമായി ഇവര്‍ ഇത്തരത്തില്‍ യാത്ര പോകാറുണ്ട്. സോനാമാര്‍ഗിലേക്കു രണ്ടു കാറുകളിലെത്തിയ സംഘം സ്‌കീയിങ് നടത്തി മടങ്ങുമ്പോള്‍ ചുരത്തില്‍ സീറോ പോയിന്റില്‍ വച്ച് കാര്‍ മഞ്ഞില്‍ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു
മരിച്ച മലയാളികള്‍ നാല് പേരും പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ്. മരിച്ച ഡ്രൈവര്‍ അജാസ് അഹമ്മദ് ഷാ ജമ്മുകശ്മീരിലെ ഗന്ധര്‍ബള്‍ സ്വദേശിയാണ്. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ശ്രീനഗര്‍ ലേ ദേശീയപാതയില്‍ വച്ചു ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു മലയിടുക്കിലേക്ക് മറിഞ്ഞായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ടാറ്റാ സുമോ വാഹനത്തില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഒഴികെ ഏഴുപേരും മലയാളികളായിരുന്നു. റോഡില്‍ നിന്നും ഏറെ താഴെയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. ചിറ്റൂര്‍ സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഘ്‌നേഷ്, ഡ്രൈവര്‍ ജമ്മു സ്വദേശി അജാസ് അഹമ്മദ് ഷാ എന്നിവരാണ് മരിച്ചത്. മരിച്ച നാല് മലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും
ഒപ്പമുണ്ടായിരുന്ന രാജേഷ്, അരുണ്‍, മനോജ് എന്നിവര്‍ പരുക്കേറ്റ് ആശുപത്രിയില്‍ തുടരുകയാണ്. ഇവരില്‍ മനോജിന്റെ നില ഗുരുതരമാണ്.മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനും, പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും സര്‍ക്കാര്‍ തലത്തില്‍ ജമ്മുകശ്മീര്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.