കാനഡ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച വിദേശരാജ്യം; തൊട്ട് പുറകില്‍ യുകെയും റഷ്യയും യുഎസും ഓസ്‌ട്രേലിയയും; 2018 മുതലുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ട് ഇന്ത്യാ ഗവണ്‍മെന്റ്

കാനഡ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച വിദേശരാജ്യം; തൊട്ട് പുറകില്‍ യുകെയും റഷ്യയും യുഎസും ഓസ്‌ട്രേലിയയും; 2018 മുതലുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ട് ഇന്ത്യാ ഗവണ്‍മെന്റ്
വിദേശങ്ങളില്‍ മരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാനഡ മുന്നിലാണെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു.അതായത് 2018 മുതലുളള ഇത്തരം മരണങ്ങളിലാണ് കാനഡ മുന്‍പന്തിയിലുള്ളത്. ഇത് പ്രകാരം ആ വര്‍ഷം മുതല്‍ ഇത് വരെ 91 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ മരിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. രാജ്യസഭയില്‍ നടന്ന ഒരു അന്വേഷണത്തിന്റെ ഭാഗമായി രേഖാമൂലമുള്ള പ്രതികരണത്തിലൂടെയാണീ കണക്കുകള്‍ വെളിപ്പെട്ടിരിക്കുന്നത്. 2018 മുതല്‍ വിവിധ വിദേശരാജ്യങ്ങളിലായി 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് മരിച്ചിരിക്കുന്നതെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

സ്വാഭാവിക മരണം, അപകടങ്ങള്‍, ആരോഗ്യ അവസ്ഥകള്‍ തുടങ്ങിയ വിവിധ കാരണങ്ങളാലാണ് ഈ മരണങ്ങളുണ്ടായിരിക്കുന്നത്. ഇത്തരം മരണങ്ങളില്‍ കാനഡ കഴിഞ്ഞാല്‍ തൊട്ട് പുറകിലുള്ളത് 48 മരണങ്ങളുമായി യുകെയാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ 40 മരണങ്ങളുമായി റഷ്യയും, 36 മരണങ്ങളുമായി യുഎസും 35 മരണങ്ങളുമായി ഓസ്‌ട്രേലിയയും 21 മരണങ്ങളുമായി ഉക്രയിനും 20 മരണങ്ങളുമായി ജര്‍മനിയും 14 മരണങ്ങളുമായി സൈപ്രസും 10 മരണങ്ങള്‍ വീതമായി ഇറ്റലിയും ഫിലിപ്പീന്‍സുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നിലകൊള്ളുന്നത്. വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് വര്‍ധിച്ച പ്രാധാന്യമാണ് ഇന്ത്യാ ഗവണ്‍മെന്റ് നല്‍കുന്നതെന്നും മന്ത്രി ഈ കണക്കുകള്‍ നിരത്തുന്നതിനിടെ ഉറപ്പേകുന്നു.

ഇന്ത്യന്‍ മിഷനുകളും പോസ്റ്റുകളും വിദേശങ്ങളിലെ ഇന്ത്യന്‍ സ്റ്റുഡന്റ്‌സിന്റെ സുരക്ഷിതത്വവും സുഖജീവിതവും ഉറപ്പ് വരുത്തുന്നതിനായി സദാ ജാഗരൂകമാണെന്നും അവര്‍ പഠിക്കുന്ന സ്ഥാപനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരുന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവങ്ങളെക്കുറിച്ച് അതത് രാജ്യങ്ങളുമായി ചേര്‍ന്ന് ഉചിതമായ അന്വേഷണങ്ങള്‍ നടത്തി ഉചിതമായ നടപടികളെടുത്ത് വരുന്നുവെന്നും മന്ത്രി പറയുന്നു. ആശങ്കയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ , താമസസൗകര്യം അടക്കമുളള കോണ്‍സുലാര്‍ സഹായമുറപ്പാക്കി വരുന്നുവെന്നും മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends