യുകെയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ റുവാണ്ടയില്‍ ഒരുക്കങ്ങള്‍ തിരുതകൃതി; നൂറ് പേരെ താമസിപ്പിക്കാനുളള ഹോസ്റ്റല്‍ ഒരുങ്ങുന്നു; പദ്ധതി റുവാണ്ടക്ക് അനുഗ്രഹമെന്നും ശാപമെന്നും വ്യത്യസ്ത വാദഗതികള്‍

യുകെയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ റുവാണ്ടയില്‍ ഒരുക്കങ്ങള്‍ തിരുതകൃതി; നൂറ് പേരെ താമസിപ്പിക്കാനുളള ഹോസ്റ്റല്‍ ഒരുങ്ങുന്നു; പദ്ധതി റുവാണ്ടക്ക് അനുഗ്രഹമെന്നും ശാപമെന്നും വ്യത്യസ്ത വാദഗതികള്‍
യുകെയിലെത്തിയ വിവിധ രാജ്യക്കാരായ അസൈലം സീക്കര്‍മാരെ താമസിപ്പിക്കുന്നതിനായി റുവാണ്ടയില്‍ വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ മന്ദീഭവിച്ചിരുന്ന റുവാണ്ടന്‍ പ്ലാനിന് വീണ്ടും പുനരുജ്ജീവനമുണ്ടായതോടെയാണ് ഇവിടെ യുകെയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനുള്ള തിരുതകൃതിയായ ഒരുക്കങ്ങള്‍ നടക്കുന്നത്. റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിക്കടുത്തുള്ള കഗുഗുവിലെ ഹോപ് ഹോസ്റ്റലിലാണ് യുകെയില്‍ നിന്നെത്തുന്ന അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ പോകുന്നത്. 50 ഡബിള്‍ റൂമുകളുള്ള ഈ ഹോസ്റ്റലില്‍ നൂറ് അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇവിടേക്കെത്തുന്നവരില്‍ ഭൂരിഭാഗം പേരും മിഡില്‍ ഈസ്റ്റില്‍ നിന്നുളള അഭയാര്‍ത്ഥികളാണെന്ന് നേരത്തെ സൂചന ലഭിച്ചതിനാല്‍ ഓരോ മുറിയിലും ഖുറാനും നിസ്‌കാര പായകളും വരെ ഒരുക്കി വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ ഹോസ്റ്റലിന് വെളിയിലുള്ള സൈന്‍ ബോര്‍ഡുകളെല്ലാം ഇംഗ്ലീഷിന് പുറമെ അറബിയിലും ഒരുക്കിയിരിക്കുന്നതും ഇതിന്റെ ഭാഗമായിട്ടാണ്. ഇതിന് പുറമെ ഇവിടുത്തെ റസ്റ്റോറന്റിലെ രണ്ട് അടുക്കളകള്‍ക്ക് മുന്നിലും ഹലാല്‍ ബോര്‍ഡുകള്‍ തൂങ്ങിക്കിടക്കുന്നതും കാണാം. ഈ ഒരുക്കങ്ങള്‍ ഒരു വര്‍ഷം മുമ്പ് തന്നെ ഇവിടെ ആരംഭിച്ചിരുന്നുവെങ്കിലും റുവാണ്ടന്‍ പ്ലാന്‍ നിയമക്കുരുക്കില്‍ പെട്ടതിനെ തുടര്‍ന്ന് ഈ നീക്കം മന്ദീഭവിക്കുകയായിരുന്നു.

എന്നാല്‍ റുവാണ്ടന്‍ പ്ലാന്‍ ത്വരിതപ്പെടുത്താനായി തിരക്ക് പിടിച്ചുള്ള നിയമനിര്‍മാണം യുകെയില്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് റുവാണ്ടയില്‍ ഇത് സംബന്ധിച്ച നീക്കങ്ങള്‍ വീണ്ടും ത്വരിതപ്പെട്ടിരിക്കുന്നത്. ഈ നിയമനിര്‍മാണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കോടതി ഇടപെടലുകളില്ലാതെ റുവാണ്ടയിലേക്ക് അഭയാര്‍ത്ഥികളെയും കൊണ്ട് വിമാനം പറത്താനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. തുടര്‍ന്ന് അഭയാര്‍ത്ഥികള്‍ക്ക് റുവാണ്ടയില്‍ താമസിക്കാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് മാറിത്താമസിക്കാനോ ഉള്ള അവസരവും നല്‍കുന്നതായിരിക്കും.ഇത്തരത്തില്‍ യുകെയില്‍ നിന്ന് അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമേറെയാണ്.

ഈ പ്ലാന്‍ റുവാണ്ടയെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമാണെന്നാണ് ജേര്‍ണലിസ്റ്റായ പ്രൊവിഡന്‍സ് ഉവേസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ പ്ലാനിനായുളള ആദ്യ ഘഡുവായ തുക യുകെ റുവാണ്ടക്ക് കൈമാറിയിട്ടുണ്ട്. യുകെയില്‍ നിന്ന് ഇത്തരത്തില്‍ വന്‍ തോതില്‍ ഫണ്ട് ഈ പദ്ധതിക്കായെത്തുന്നത് റുവാണ്ടയുടെ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കുമെന്നും ഉവേസിനെ പോലുള്ളവര്‍ അഭിപ്രായപ്പെടുന്നു. ഈ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിലൂടെ സുരക്ഷിതമല്ലാത്ത രാജ്യമെന്ന പേരുദോഷം റുവാണ്ടക്ക് മാറിക്കിട്ടുമെന്ന് അഭിപ്രായപ്പെടുന്നവരുമേറെയാണ്. എന്നാല്‍ ഇതിനെ എതിര്‍ക്കുന്നവരുമേറെയുണ്ട്. അതായത് വളരെക്കുറച്ച് പേര്‍ താമസിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത റുവാണ്ടയിലേക്ക് ഇവിടേക്ക് വന്‍ തോതില്‍ അഭയാര്‍ത്ഥികളെ കൊണ്ട് വന്ന് താമസിപ്പിക്കുന്നത് രാജ്യത്ത് കടുത്ത പ്രതിസന്ധികളുണ്ടാക്കുമെന്നാണ് ഈ പദ്ധതിയെ എതിര്‍ക്കുന്നവര്‍ മുന്നറിയിപ്പേകുന്നത്. അതായത് ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതാകുമെന്നും അവര്‍ ആശങ്കപ്പെടുന്നു.

Other News in this category



4malayalees Recommends