യുകെയില്‍ ഉളളവരും ഇല്ലാത്തവരും തമ്മിലുളള വിടവ് അപകടകരമായ വിധത്തില്‍ വര്‍ധിക്കുന്നു; കോവിഡ് കാലത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള വ്യത്യാസമേറി; സാമ്പത്തിക ഉച്ചനീചത്വം വിക്ടോറിയന്‍ കാലത്തിന് സമാനമായി പെരുകുന്നു

യുകെയില്‍ ഉളളവരും ഇല്ലാത്തവരും തമ്മിലുളള വിടവ് അപകടകരമായ  വിധത്തില്‍ വര്‍ധിക്കുന്നു; കോവിഡ് കാലത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള വ്യത്യാസമേറി; സാമ്പത്തിക ഉച്ചനീചത്വം വിക്ടോറിയന്‍ കാലത്തിന് സമാനമായി പെരുകുന്നു
യുകെയില്‍ ഉളളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് അപകടകരമായ വിധത്തില്‍ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയൊരു റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. തിങ്ക് ടാങ്കായ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്(സിഎസ്‌ജെ) നടത്തിയ ഏറ്റവും പുതിയ റിസര്‍ച്ചാണീ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ദരിദ്ര പശ്ചാത്തലത്തില്‍ ജീവിക്കുന്നവരുടെ സ്ഥിതി 15 വര്‍ഷം മുമ്പുളള നിലയില്‍ നിന്ന് ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്നാണ് സിഎസ്‌ജെ റിസര്‍ച്ചിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ശമ്പളവര്‍ധനവിലെ മന്ദിപ്പ്, കുടുംബബന്ധങ്ങളിലെ തകര്‍ച്ച, മോശപ്പെട്ട പാര്‍പ്പിട സൗകര്യങ്ങള്‍, കുറ്റകൃത്യങ്ങളുടെ പെരുപ്പം, മാനസികാരോഗ്യ പ്രശ്‌നങ്ങളും മറ്റ് നിരവധി പ്രശ്‌നങ്ങളും കാരണം ഉള്ളവരും ഇല്ലാത്തവരും തമമിലുളള വിടവ് കോവിഡ് കാലത്ത് വീണ്ടും വര്‍ധിച്ചുവെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ടിലൂടെ സിഎസ്‌ജെ എടുത്ത് കാട്ടുന്നു. ജീവിതച്ചെലവ് കുതിച്ച് കയറുന്ന അവസരത്തില്‍ ഈ പ്രശ്‌നം പരിഹരിക്കാനായി പാവപ്പെട്ടവര്‍ക്കുള്ള പിന്തുണ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് മിനിസ്റ്റര്‍മാര്‍ എടുത്ത് കാട്ടുന്നത്.

വിക്ടോറിയന്‍ കാലത്തുണ്ടായിരുന്ന ഇത്തരത്തിലുളള സാമൂഹിക അസമത്വത്തിലേക്ക് രാജ്യം തിരിച്ച് പോകുന്ന സ്ഥിതിയാണിപ്പോഴുളളതെന്നാണ് സിഎസ്‌ജെയുടെ സോഷ്യല്‍ ജസ്റ്റിസ് കമ്മീഷന്‍ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നത്. ഉള്ളവരും ഇല്ലാത്തവരുമെന്ന വിഭാഗങ്ങളായി രാജ്യം ആഴത്തില്‍ വിഭജിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഇന്‍ ടു നാഷന്‍സ്- ദി സ്റ്റേറ്റ് ഓഫ് പോവര്‍ട്ടി ഇന്‍ ദി യുകെ എന്ന് തലക്കെട്ടിട്ട ഈ റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നത്. സമൂഹത്തിന്റെ താഴത്തെ തട്ടില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നത് രാജ്യത്തെ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്നുവെന്നും ഈ ഗവേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്.

കോവിഡ് കാലത്തുണ്ടായ തുടര്‍ച്ചയായി ലോക്ക്ഡൗണുകള്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുളള വിടവ് വര്‍ധിപ്പിച്ചുവെന്നാണ് ഈ റിപ്പോര്‍ട്ട് വാദിക്കുന്നത്. ഇതിനെ തുടര്‍ന്ന് ദരിദ്രവിഭാഗത്തിലെ ചെറുപ്പക്കാരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവെന്നും സ്‌കൂളുകളിലെ ഹാജര്‍ നില കുറഞ്ഞുവെന്നും വര്‍ക്കിംഗ് ഏയ്ഡ് ബെനഫിറ്റുകളെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരേറിയെന്നും ഇത് സമൂഹത്തിലെ സമ്പന്നരും ദരിദ്രരും തമ്മിലുളള വിടവ് വര്‍ധിപ്പിക്കുന്നതിന് കാരണമായി വര്‍ത്തിച്ചുവെന്നും സിഎസ്‌ജെ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു. നേരത്തെ തന്നെ പരിതാപകരമായ അവസ്ഥയിലായിരുന്ന രാജ്യത്തെ ദരിദ്ര വിഭാഗങ്ങളുടെ ജീവിതം ലോക്ക്ഡൗണിലൂടെ കൂടുതല്‍ ദുരിതമയമായിത്തീരുകയായിരുന്നുവെന്നാണ് സിഎസ്‌ജെയുടെ ചീഫ് എക്‌സിക്യൂട്ടീവായ ആന്‍ഡി കുക്ക് പറയുന്നത്.

ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി ആരുടെ പക്കലും പദ്ധതികളൊന്നുമില്ലെന്നത് ആശങ്കയുളവാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇത്തരത്തില്‍ രാജ്യത്ത് പെരുകുന്ന സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കുന്നതിനായി കൂടുതല്‍ ക്രിയാത്മകവും പ്രാവര്‍ത്തികവുമായി നടപടികള്‍ ഉടനടി നടപ്പിലാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും സിഎസ്‌ജെ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. മുന്‍ സണ്‍ഡേ ടൈംസ് എഡിറ്ററായ മാര്‍ട്ടിന്‍ ഇവെന്‍സ്, മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ലോര്‍ഡ് കിംഗ്, ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ലേബര്‍ മേയറായ ആന്‍ഡി ബേണ്‍ഹാം, കണ്‍സര്‍വേറ്റീവ് എംപി മിറിയം കേറ്റ്‌സ് തുടങ്ങിയ പ്രമുഖരാണ് സിഎസ്‌ജെക്ക് വേണ്ടി റിസര്‍ച്ച് നടത്തി ഈ നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends