സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മധ്യവയസ്‌കയുടെ ആത്മഹത്യ; കൊലയ്ക്ക് കാരണം സാമ്പത്തിക തര്‍ക്കമെന്ന് സൂചന

സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മധ്യവയസ്‌കയുടെ ആത്മഹത്യ; കൊലയ്ക്ക് കാരണം സാമ്പത്തിക തര്‍ക്കമെന്ന് സൂചന
സുല്‍ത്താന്‍ ബത്തേരി പഴേരി തോട്ടക്കരയില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മധ്യവയസ്‌ക ആത്മഹത്യ ചെയ്തു. ബത്തേരി തൊടുവെട്ടി സ്വദേശി പുത്തക്കാടന്‍ ബീരാന്‍(58) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം ചന്ദ്രമതി (54) തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ചന്ദ്രമതിയുടെ വീട്ടിലാണ് സംഭവം നടന്നത്.

ബീരാനും ചന്ദ്രമതിയും പങ്ക് കച്ചവടക്കാരും സുഹൃത്തുക്കളുമായിരുന്നു. ഇരുവരും ചേര്‍ന്ന് അടുത്തിടെ ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ ബീരാന്‍ ചന്ദ്രമതിയുടെ വീട്ടിലെത്തി. ബീരാന്‍ വീട്ടിലെത്തിയതിനെ തുടര്‍ന്ന് ചന്ദ്രമതി അമ്മ ദേവകിയെ സഹോദരന്റെ വീട്ടിലേക്ക് പറഞ്ഞയച്ചു.

വൈകുന്നേരത്തോടെ വീട്ടില്‍ തിരിച്ചെത്തിയ ദേവകി വീടിന് പുറകില്‍ ചന്ദ്രമതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചന്ദ്രമതിയുടെ സഹോദരന്‍ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ ബീരാന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചന്ദ്രമതിയെ നേരത്തെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിരുന്നു. ഇവരുടെ രണ്ട് ആണ്‍മക്കള്‍ മറ്റൊരു വീട്ടിലാണ് താമസം. ബീരാന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Other News in this category4malayalees Recommends