നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവം; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവം; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്
പെരുമ്പാവൂര്‍ ഓടക്കാലിയില്‍ നവകേരള സദസിനെതിരെ നടന്ന പ്രതിഷേധത്തില്‍ കടുത്ത നടപടിയുമായി പൊലീസ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ നാല് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തത്.

ഇത്തരത്തില്‍ പ്രതിഷേധിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ജീവന് അപകടം ഉണ്ടായേക്കാമെന്ന ബോധ്യം പ്രതിഷേധക്കാര്‍ക്ക് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെ നവകേരള സദസ് യോഗം കഴിഞ്ഞ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കോതമംഗലത്തേക്ക് പോകുമ്പോള്‍ ഓടക്കാലിയില്‍ വച്ചാണ് ബസിന് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്.

ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിലും കെഎസ്‌യു പ്രവര്‍ത്തകര്‍ എറിഞ്ഞ ഷൂ വീണു. സംഭവത്തെ തുടര്‍ന്ന് നാല് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറിലേക്ക് പോയാല്‍ മറ്റ് നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും പിന്നീട് വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.

Other News in this category4malayalees Recommends