ഭവനരഹിതനെ മക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാരന്‍ തുടയ്ക്കാനുള്ള വെള്ളത്തില്‍ കുളിപ്പിച്ച സംഭവം; ദൃശ്യങ്ങള്‍ വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയതോടെ ജോലിക്കാരനെ പുറത്താക്കി, ഖേദം പ്രകടിപ്പിച്ച് കമ്പനി; വിമര്‍ശനം രൂക്ഷം

ഭവനരഹിതനെ മക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാരന്‍ തുടയ്ക്കാനുള്ള വെള്ളത്തില്‍ കുളിപ്പിച്ച സംഭവം; ദൃശ്യങ്ങള്‍ വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയതോടെ ജോലിക്കാരനെ പുറത്താക്കി, ഖേദം പ്രകടിപ്പിച്ച് കമ്പനി; വിമര്‍ശനം രൂക്ഷം
മക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാരന്‍ ഭവനരഹിതനായ മനുഷ്യനെ തുടയ്ക്കുന്ന വെള്ളം കൊണ്ട് നനയ്ക്കുകയും, ഇയാളുടെ സ്ലീപ്പിംഗ് ബാക്ക് തട്ടിത്തെറിപ്പിക്കുകയും ചെയ്ത സംഭവം ബ്രിട്ടനില്‍ ഏറെ വിവാദമായിരുന്നു. ലണ്ടനിലെ വിക്ടോറിയ സ്ട്രീറ്റില്‍ നടന്ന സംഭവങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് രൂക്ഷവിമര്‍ശനം നേരിട്ടത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മക്‌ഡൊണാള്‍ഡ്‌സ് ജോലിക്കാരനെ പുറത്താക്കുകയും ചെയ്തു.

മോപ്പും, ബക്കറ്റും ഉപയോഗിച്ചാണ് ഷോപ്പിന് മുന്നിലെ തെരുവില്‍ കിടന്ന ആളെ സെക്യൂരിറ്റി ഗാര്‍ഡ് അക്രമിച്ചത്. മോശം പെരുമാറ്റത്തിനെതിരെ വിമര്‍ശനം വന്നതോടെ ഇയാളെ മക്‌ഡൊണാള്‍ഡ്‌സ് പുറത്താക്കി. ഭവനരഹിതന്റെ സ്ലീപ്പിംഗ് ബാഗും, ഇയാള്‍ കിടന്ന പരിസരവും ഉള്‍പ്പെടെയാണ് സുരക്ഷാ ജീവനക്കാരന്‍ വെള്ളമൊഴിച്ച് നനച്ചത്.

ഈ ദൃശ്യങ്ങള്‍ അടുത്തുണ്ടായിരുന്ന ആളുകള്‍ പകര്‍ത്തുകയും, ഇത് ശരിയാണോയെന്ന് മക്‌ഡൊണാള്‍ഡ്‌സ് യുകെയോട് ചോദ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. വിന്ററിലെ ഈ സമയത്ത് ഇത്തരമൊരു പെരുമാറ്റം ഉണ്ടായതാണ് വിമര്‍ശനം കടുപ്പിച്ചത്. തന്റെ വസ്തുവകകളും, ഉറങ്ങാനുള്ള വസ്തുക്കളും നനച്ചതോടെ 'നിങ്ങളുടെ ഷോപ്പിന് പുറത്ത് പോലുമല്ല' കിടന്നതെന്ന് ഭവനരഹിതന്‍ വിളിച്ച് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.

അതേസമയം സംഭവത്തിന് എതിരെ വഴിപോക്കര്‍ രൂക്ഷമായി പ്രതികരിച്ചു. ചില സ്ത്രീകള്‍ സെക്യൂരിറ്റി ഗാര്‍ഡിനെ ചോദ്യം ചെയ്തു. സംഭവം വിവാദമായതോടെ നടപടി ഞെട്ടിപ്പിക്കുന്നതും, ദുഃഖിപ്പിക്കുന്നതുമാണെന്ന് മക്‌ഡൊണാള്‍ഡ്‌സ് വക്താവ് പ്രതികരിച്ചു. പുറമെ നിന്നുമെത്തിയ സുരക്ഷാ ഗാര്‍ഡാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇയാളെ ജോലിയില്‍ നിന്നും നീക്കിയിട്ടുണ്ട്. ഇരയായ ഭവനരഹിതനോട് മാപ്പ് ചോദിച്ചതിന് പുറമെ ഇദ്ദേഹത്തെ കണ്ടെത്തി പിന്തുണ നല്‍കുമെന്നും വക്താവ് വിശദീകരിച്ചു.
Other News in this category4malayalees Recommends