യുകെയില്‍ രണ്ടാം വീട് വാങ്ങിയവര്‍ ആ വകയില്‍ ലഭിക്കുന്ന വരുമാനത്തിന്റെ നികുതി വെട്ടിച്ച് സര്‍ക്കാരിനെ കബളിപ്പിക്കുന്ന പ്രവണത വര്‍ധിച്ചതിനെ തുടര്‍ന്ന് അത്തരക്കാരെ കുരുക്കാന്‍ എച്ച്എംആര്‍സി കടുത്ത നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ ഗണത്തില്‍ പെടുന്നവരെ കണ്ടുപിടിച്ച് അവരെക്കൊണ്ട് കൃത്യമായി നികുതി അടപ്പിക്കാനുള്ള ശ്രമമാണ് അധികൃതര്‍ ശക്തമാക്കിയിരിക്കുന്നത്. യുകെയിലേക്കുളള കുടിയേറ്റക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ ഇവര്‍ക്ക് വീടുകള്‍ ആവശ്യമായി വന്നതിനാല്‍ ഈ അവസരം മുതലാക്കാനാണ് പലരും രണ്ടാം വീട് വാങ്ങല്‍ നല്ലൊരു വരുമാന മാര്‍ഗമാക്കി മാറ്റിയിരിക്കുന്നത്.
ഇത്തരം വീടുകളുടെ വാടകയില്‍ ലഭിക്കുന്ന തുക വീടുകളുടെ മെയിന്റനന്‍സിനും മറ്റും ചെലവായെന്ന കള്ളക്കണക്ക് നല്‍കി അത്തരം വീടുകളുടെ ഉടമകള്‍ തട്ടിപ്പ് നടത്തുന്നത് വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് അവര്‍ക്കെതിരെ കടുത്ത നടപടികളുമായി എച്ച്എംആര്‍സി മുന്നോട്ട് വന്നിരിക്കുന്നത്.വാടകക്ക് കൊടുക്കാന്‍ വീടുകള്‍ വാങ്ങുന്നതില്‍ നിക്ഷേപിക്കുന്നത് സുരക്ഷിതമായ വരുമാനമാര്‍ഗമായി മാറ്റുകയും ആ വകയില്‍ നിയമാനുസൃത നികുതി നല്‍കാതിരിക്കുകയും ചെയ്യുന്ന അനാരോഗ്യകരമായ പ്രവണതക്ക് കടിഞ്ഞാണിടുന്നതിനായിട്ടാണ് സര്‍ക്കാര്‍ നീക്കം ശക്തമാക്കിയിരിക്കുന്നത്.
റിസ്‌കേറിയ മറ്റ് ഇന്‍വെസ്റ്റ്‌മെന്റുകളേക്കാള്‍ എത്രയോ സുരക്ഷിതമായതിനാലാണ് രണ്ടാം വീടിനായി പണം മുടക്കാന്‍ കൂടുതല്‍ പേര്‍ രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. ശരിയായ രീതിയില്‍ ടാക്‌സ് അടക്കുന്നവരുടെയും നികുതി അടക്കാത്തവരുടെ ടാക്‌സ് റിട്ടേണുകളും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ വലിയ വ്യത്യാസം ഈ രംഗത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കടുത്ത ജാഗ്രത പുലര്‍ത്താന്‍ തുടങ്ങിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. വീടുകള്‍ വാടകക്ക് കൊടുത്ത് ലഭിക്കുന്ന വരുമാനത്തെ നികുതി നല്‍കേണ്ട ഉറവിടമായിട്ടാണ് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പരിഗണിച്ച് വരുന്നത്.
2022ന്റെ അവസാന കണക്കില്‍ രാജ്യത്ത് മൂന്ന് ലക്ഷത്തില്‍ ഏറെ കമ്പനികളാണ് വാടക വരുമാനത്തിനായി ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഈ വിധത്തില്‍ രജിസ്ട്രര്‍ ചെയ്തിരുന്ന വ്യക്തിഗത കമ്പനികളുടെ എണ്ണം രണ്ടേകാല്‍ ലക്ഷമായിരുന്നതില്‍ നിന്നുള്ള കുതിച്ച് കയറ്റമാണിത്. കൊറോണക്ക് ശേഷം വാടകക്ക് വീടുകള്‍ നല്‍കാന്‍ വാങ്ങിയവരുടെ എണ്ണത്തില്‍ കുതിച്ച് കയറ്റമുണ്ടായതാണ് ഈ വര്‍ധനവിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വാടക വീടുകള്‍ പര്‍ച്ചേസ് ചെയ്യുന്നതിനായി ഏഴ് വര്‍ഷം മുമ്പ് മോര്‍ട്ട്‌ഗേജ് അപേക്ഷകള്‍ 40 ശതമാനമായിരുന്നത് 2023 ജനുവരിയില്‍ 65 ശതമാനമായി കുതിച്ച് കയറിയിരുന്നു. എന്നാല്‍ ഇതിന് ആനുപാതികമായിട്ടുളള നികുതി വരുമാനം സര്‍ക്കാരിലേക്ക് വന്നില്ലെന്നതാണ് ഇക്കാര്യത്തില്‍ എച്ച്എംആര്‍സിക്ക് കടുത്ത സംശയമുണ്ടാകുന്നത് വഴിയൊരുക്കിയിരിക്കുന്നത്.