പ്രവര്‍ത്തകരും ജനങ്ങളും അടങ്ങിയിരിക്കണം; വിഡി സതീശന്റെ മാനസിക നില കൂടുതല്‍ വഷളായിട്ടുണ്ട്; ഷൂ ഏറില്‍ കെഎസ്‌യുവിനെതിരെ ഇ പി ജയരാജന്‍

പ്രവര്‍ത്തകരും ജനങ്ങളും അടങ്ങിയിരിക്കണം; വിഡി സതീശന്റെ മാനസിക നില കൂടുതല്‍ വഷളായിട്ടുണ്ട്; ഷൂ ഏറില്‍ കെഎസ്‌യുവിനെതിരെ ഇ പി ജയരാജന്‍
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ ഒരു കൂട്ടം കെ സ് യു യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആസൂത്രിത ഗൂഢാലോചനയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.

പ്രതിഷേധത്തിന്റെ മറവില്‍ അക്രമവും, കലാപവും അഴിച്ച് വിട്ട് നാട്ടില്‍ അരാചകത്വം സൃഷ്ടിക്കാനാണ് ഭാവമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഷൂസും കരിങ്കല്‍ ചീളുകളുമുപയോഗിച്ച് എറിയാന്‍ അണികളെ ഇറക്കിവിടുന്നതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംഘവുമാണെന്ന് ഉറപ്പാണ്. ഇങ്ങനെ ജനനേതാക്കളെ അക്രമിച്ച് ഇത്തരം സമരാഭാസം തുടരാനാണ് ഭാവമെങ്കില്‍ കേരള ജനത കയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യാമോഹിക്കരുത്.

തെരഞ്ഞെടുക്കപ്പെട്ട ജനകീയ സര്‍ക്കാര്‍ നവകേരള സദസ്സിലൂടെ ജനലക്ഷങ്ങള്‍ക്കിടയിള്‍ സഞ്ചരിച്ച് അവരുമായി സംവദിക്കുകയാണ്.

ഇതിനകം എട്ട് ജില്ലകള്‍ പിന്നിട്ടപ്പോള്‍ നവകേരളസദസ്സിനെ സര്‍വ്വജന വിഭാഗങ്ങളും നെഞ്ചേറ്റിയിരിക്കുന്നു. കോണ്‍ഗ്രസിന്റേയും മുസ്ലിംലീഗിന്റേയും പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ നവകേരള സദസുമായി സഹകരിക്കുന്നു. ഇതെല്ലാം വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം കോണ്‍ഗസ് നേതാക്കളില്‍ ഉണ്ടാക്കിയ അങ്കലാപ്പ് ചെറുതല്ല. ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഈ പരിപാടിയുമായി പ്രതിപക്ഷം സഹകരിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ പ്രതിപക്ഷം ബഹിഷ്‌കരിക്കാനാണ് തീരുമാനിച്ചത്. പക്ഷെ, ആ ബഹിഷ്‌കരണ ആഹ്വാനം ജനങ്ങള്‍ തള്ളിയതോടെയാണ് കോണ്‍ഗ്രസ് അക്രമ സമരത്തിലേക്ക് നീങ്ങിയത്.

എന്നിട്ടും ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ പരിപാടിയിലേക്ക് പങ്കെടുക്കുകയാണ്. സ്വന്തം മണ്ഡലത്തിലെ ജനപങ്കാളിത്തം കൂടി ആയതോടെ പ്രതിപക്ഷ നേതാവിന്റെ മാനസിക നില കൂടുതല്‍ വഷളായി. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ അണികളെ കയറൂരി വിട്ടത്.

ഇത്തരം അക്രമ സമരത്തെ കുറിച്ച് കോണ്‍ഗ്രസിലെ സമാധാന കാംക്ഷികളായ നേതാക്കളും യുഡിഎഫ് ഘടകകക്ഷികളും നിലപാട് വ്യക്തമാക്കണം. ഇത്തരം അക്രമങ്ങള്‍ മറ്റ് പ്രദേശങ്ങളിലും നടത്താന്‍ നേരത്തെ തന്നെ ഗൂഢാലോചന തുടങ്ങിയിരുന്നു.

അക്രമാസക്തമാവുകയും പോലീസ് പിടികൂടുമ്പോള്‍ മര്‍ദ്ദനമെന്ന മുറവിളിയും ഉയര്‍ത്തുകയാണ്. പരിശീലനം ലഭിച്ച സംഘങ്ങളെയാണ് ഓരോയിടത്തും ഇവര്‍ ഒരുക്കി നിര്‍ത്തുന്നത്. ഇങ്ങനെ അക്രമി സംഘത്തെ അഴിഞ്ഞാടാന്‍ തുറന്ന് വിടുന്നതിനെ കുറിച്ച്

മുസ്ലീംലീഗ് നിലപാട് വ്യക്തമാക്കണം. ഇത്തരം അക്രമ സംഭവങ്ങളെ ഇടതുപക്ഷ ജനാധിപത്യ മുന്നണി അപലപിക്കുന്നു. മുന്നണി പ്രവര്‍ത്തകരും ബഹുജനങ്ങളും സംയമനം പാലിക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Other News in this category



4malayalees Recommends