യുഎസിലെ ആശുപത്രികളില്‍ സംഭവിക്കുന്ന അഞ്ചിലൊന്ന് മരണങ്ങള്‍ക്കും പിന്നില്‍ രോഗനിര്‍ണ്ണയത്തിലെ പിഴവുകളെന്ന് ഗവേഷണങ്ങള്‍. 29 വ്യത്യസ്ത അമേരിക്കന്‍ ആശുപത്രികളിലെ 2500 രോഗികളുടെ 2019-ലെ മെഡിക്കല്‍ രേഖകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പഠനഫലം ജേണല്‍ ജെഎഎംഎയില്‍ പ്രസിദ്ധീകരിച്ചു.
ഈ രോഗികളെല്ലാം തന്നെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയവരോ, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരോ ആയിരുന്നു. ഈ രോഗികളില്‍ 23 ശതമാനം പേരുടെയും രോഗനിര്‍ണ്ണയം തെറ്റുകയോ, രോഗനിര്‍ണ്ണയം വൈകുകയോ ചെയ്തിട്ടുള്ളതായി ഗവേഷകര്‍ കണ്ടെത്തി. 18 ശതമാനം പേരും മരിക്കുകയോ, ഗുരുതരമായ അവസ്ഥ നേരിടുകയോ ചെയ്‌തെന്നും ഗവേഷണത്തില്‍ പറയുന്നു.
എമര്‍ജന്‍സി റൂമില്‍ രോഗനിര്‍ണ്ണയം പാളുന്നത് മൂലം ഓരോ വര്‍ഷവും രണ്ടര ലക്ഷം പേരാണ് അമേരിക്കയിലെ ആശുപത്രികളില്‍ മരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച മറ്റൊരു പഠനം അനുസരിച്ച് രോഗനിര്‍ണ്ണയത്തിലെ വീഴ്ചകള്‍ മൂലം 795,000 രോഗികള്‍ മരണപ്പെടുകയോ, സ്ഥിരമായി വികലാംഗത്വം ബാധിക്കുകയോ ചെയ്യുന്നുണ്ടെന്ന് ബിഎംജെ ക്വാളിറ്റി & സേഫ്റ്റി പ്രോട്ടോകോള്‍ പഠനത്തില്‍ കണ്ടെത്തിയിരുന്നു.