'ഛയ്യ ഛയ്യ' എന്ന ഗാനത്തിന് പലര്‍ക്കും നൊസ്റ്റാള്‍ജിക് മെമ്മറിയുണ്ടാകും. നടി മലൈക അറോറ ശ്രദ്ധ നേടുന്നത് ഈ ഗാനത്തിലൂടെയാണ്. എന്നാല്‍ ഓടുന്ന ട്രെയ്‌നിന് മുകളില്‍ നിന്ന് ഡാന്‍സ് ചെയ്യുന്ന ഈ ഗാനരംഗത്ത് അഭിനയിക്കേണ്ടിയിരുന്നത് മലൈക ആയിരുന്നില്ല. രവീണ ടണ്ടനെ ആയിരുന്നു ഈ ഗാനത്തിനായി ആദ്യം സമീപിച്ചത്.
എന്നാല്‍ രവീണ ഈ അവസരം നിരസിക്കുകയായിരുന്നു. രവീണ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 'ആ സമയത്ത് ഞാന്‍ ചെയ്ത 'ഷെഹര്‍ കി ലഡ്കി' വന്‍ വിജയമായിരുന്നു. അങ്ങനെയാണ് ഛയ്യ ഛയ്യ എന്ന ഗാനം എന്നിലേക്ക് എത്തുന്നത്. ഷാറൂഖ് ഖാന്‍ ആണ് ഈ പാട്ടിനെക്കുറിച്ച് എന്നോട് പറഞ്ഞത്.
'മണിരത്‌നം സാറിന് സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്നും ഞങ്ങളുടെ ചിത്രത്തിന് വേണ്ടി ഗാനം ചെയ്യണമെന്നും ഷാരൂഖ് പറഞ്ഞു. എന്നാല്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോകുമോയെന്ന് ഞാന്‍ ഭയന്നിരുന്നു. ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു ഞാന്‍. മണിരത്‌നം സാറിന്റെ ചിത്രത്തിന് മരിക്കുമായിരുന്നു. അത്രമാത്രം ആഗ്രഹിച്ചിരുന്നു.'
'എന്നാല്‍ വീണ്ടും ഒരു ഐറ്റം ഗാനത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, അക്കാലത്ത് ആളുകള്‍ ടൈപ്പ്കാസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ആ ഭയത്താല്‍ ആ ചിത്രം നിരസിച്ചു. ഇതുകൂടാതെ ഡാര്‍, ദേശി ബഹു ഇംഗ്ലീഷ് മെന്‍, കുച്ച് കുച്ച് ഹോതാ ഹേ എന്നിവയുള്‍പ്പെടെയുള്ള ഷാറൂഖ് ഖാന്‍ ചിത്രങ്ങളും വേണ്ടെന്ന് വെച്ചു' എന്നാണ് രവീണ പറയുന്നത്.