എത്ര കോടികള്‍ തന്നാലും ബിജെപിയിലേക്കില്ല, ആഭ്യന്തരമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കിയാല്‍പ്പോലും ഒറ്റ ചവിട്ട് കൊടുക്കും ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

എത്ര കോടികള്‍ തന്നാലും ബിജെപിയിലേക്കില്ല, ആഭ്യന്തരമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കിയാല്‍പ്പോലും ഒറ്റ ചവിട്ട് കൊടുക്കും ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കേന്ദ്രമന്ത്രിയാക്കാമെന്ന് പറഞ്ഞാല്‍ പോലും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കില്ലെന്ന് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എത്ര കോടികള്‍ തന്നാലും ബിജെപിയിലേക്കില്ല, മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരനായിരുന്ന് വര്‍ഗീയവാദികള്‍ക്കെതിരെ പോരാടുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. സ്ഥാനമോഹങ്ങളില്ല. മരിക്കുന്നത് വരെ മതേതര വിശ്വാസിയായി കോണ്‍ഗ്രസുകാരനായി ജീവിക്കണം. ആഭ്യന്തരമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കിയാല്‍പ്പോലും ഒറ്റ ചവിട്ട് കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ ആയാറാം ഗയാറാം രാഷ്ട്രീനേതാക്കളുണ്ടെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍ റാമിന്റെ ബിജെപിയിലേക്ക് പോകുനുള്ള ആലോചനകളില്‍ പ്രതികരിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കമല്‍ റാം കോണ്‍ഗ്രസിനെക്കൊണ്ട് നേടാവുന്നതെല്ലാം നേടി. അവസരവാദികളും സ്ഥാനമോഹികളുമായ ധാരാളം പേര്‍ രാഷ്ട്രീയത്തിലുണ്ട്. എവിടെ സ്ഥാനം കിട്ടുന്നോ അവര്‍ അവിടേക്ക് പോകും. അത്തരം ആളുകളാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നതും മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നതും. എന്നാല്‍ അങ്ങോട്ട് പോകുന്നവരെ പറഞ്ഞുവിടുകയും ഇങ്ങോട്ട് വരുന്നവരെ സ്വീകരിക്കാതിരിക്കുകയുമാണ് വേണ്ടത്.

ആര്‍എസ്പി നേതാവും എംപിയുമായ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തിതിനോടും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. പ്രേമചന്ദ്രന്‍ പാര്‍ലമെന്റിലെ ഏറ്റവും നല്ല അംഗമാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ പ്രേമചന്ദ്രനെപ്പോലെ പരിണിത പ്രജ്ഞനായ ഒരു നേതാവ് ആ ക്ഷണം സ്‌നേഹപൂര്‍വ്വം നിരസിക്കണമായിരുന്നു. പ്രമേചന്ദ്രന്റെ നടപടിയോട് തനിക്ക് യോജിക്കാനാവില്ല. തന്നെയാണ് ക്ഷണിക്കുന്നതെങ്കില്‍ പോകില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹം അടുത്ത സുഹൃത്താണ്. പോകാന്‍ തീരുമാനിച്ചിരുന്നതുമാണ്. ഇതിനായി ഗുരുവായൂരില്‍ മുറിവരെ ബുക്ക് ചെയ്തു. പക്ഷേ പോയില്ല. കാരണം നരേന്ദ്രമോദി ആ ചടങ്ങിന് പങ്കെടുക്കുന്നു എന്നതുകൊണ്ടാണ്. ഒരു രാഷ്ട്രീയ നേതാവ് എപ്പോഴും സുതാര്യമായിരിക്കണം. മോദി പങ്കെടുക്കുന്ന പരിപാടിയില്‍ പോയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയോട് ചായ്‌വ് വ്യക്തമാക്കിക്കൊണ്ടുള്ള സിറോ മലബാര്‍ സഭാ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ നിലപാടിനെയും ഉണ്ണിത്താന്‍ തള്ളി. സഭയല്ലല്ലോ ജനങ്ങളല്ലേ ആര്‍ക്ക് വോട്ടചെയ്യണമെന്ന് തീരുമാനിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സഭ പല നിലപാടുകളും സ്വീകരിക്കും. പക്ഷേ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നത് സഭയാണ്. സഭയുടെ തീരുമാനമല്ലല്ലോ അണികള്‍ അനുസരിക്കുന്നതെന്നും എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും ഉദാഹരണമായെടുത്ത് ഉണ്ണിത്താന്‍ പറഞ്ഞു.

കാസര്‍കോട് എതിര്‍ സ്ഥാനാര്‍ത്ഥിയായി ആരെ നിര്‍ത്തിയാലും ആശങ്കയില്ല. എതിരില്‍ നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയെ വിലയിരുത്തേണ്ടത് ജനങ്ങളാണ്. കഴിഞ്ഞ തവണത്തെ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രനേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയെ ഇനി ഇടതുമുന്നണിക്ക് നിര്‍ത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends