നവല്‍നിയുടെ മരണം എന്നെ ഞെട്ടിച്ചില്ല, എന്നാല്‍ രോഷാകുലനാക്കി, ഇതിന് പിന്നില്‍ പുടിന്‍ തന്നെയെന്ന് ജോ ബൈഡന്‍

നവല്‍നിയുടെ മരണം എന്നെ ഞെട്ടിച്ചില്ല, എന്നാല്‍ രോഷാകുലനാക്കി, ഇതിന് പിന്നില്‍ പുടിന്‍ തന്നെയെന്ന് ജോ ബൈഡന്‍
വ്‌ലാദിമിര്‍ പുടിന്റെ വിമര്‍ശകന്‍ അലക്‌സി നവല്‍നി ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതില്‍ പുടിന് പങ്കുണ്ടെന്ന ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. നവല്‍നിയുടെ മരണം തന്നെ ഞെട്ടിക്കുന്നില്ലെന്നും പക്ഷേ ആ മരണം തന്നെ രോഷാകുലനാക്കുന്നുവെന്നും ജോ ബൈഡന്‍ പറഞ്ഞു. നവല്‍നിയുടെ മരണത്തില്‍ റഷ്യ അന്വേഷണം നടത്തുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. നവല്‍നിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റഷ്യയിലെ പുടിന്‍ ഭരണകൂടത്തിന്റെ അഴിമതി ഉള്‍പ്പെടെയുള്ള എല്ലാ മോശം കാര്യങ്ങള്‍ക്കും എതിരെ നിന്നിരുന്ന ആളായിരുന്നു നവല്‍നിയെന്ന് ബൈഡന്‍ പറഞ്ഞു. നവന്‍നിയുടെ മരണം പുടിന്റെ പൈശാചികതയാണ് തെളിയിക്കുന്നതെന്നും ഈ മരണത്തിന് പിന്നില്‍ റഷ്യന്‍ ഭരണകൂടമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസും വിമര്‍ശിച്ചു.

വെള്ളിയാഴ്ച ഒരു നടത്തത്തിന് ശേഷം തിരിച്ചെത്തിയ നവല്‍നി വല്ലാതെ അവശനായെന്നും ബോധം നഷ്ടപ്പെട്ട് വീണെന്നും ജയില്‍ അധികൃതര്‍ വിശദീകരിക്കുകയായിരുന്നു. റഷ്യയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നവല്‍നിയുടെ മരണവാര്‍ത്തയുമെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പുടിന്റെ ഏറ്റവും ശക്തമായ റഷ്യന്‍ വിമര്‍ശനെന്ന് ആഗോളതലത്തില്‍ അറിയപ്പെടുന്നയാളാണ് 47 വയസുകാരനായ നവല്‍നി. വിവിധ കേസുകളിലായി 19 വര്‍ഷം നവല്‍നിയ്ക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു.

2021 മുതല്‍ നവല്‍നി ആര്‍ട്ടിക് ജയിലില്‍ തടവിലായിരുന്നു. തീവ്രവാദ സംഘടനകള്‍ക്ക് പണം നല്‍കിയെന്ന കേസിലാണ് നവല്‍നി നിലവില്‍ തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നത്. ആദ്യം മോസ്‌ക്കോയ്ക്ക് സമീപമുള്ള ജയിലിലായിരുന്നു നവല്‍നിയെ പാര്‍പ്പിച്ചിരുന്ന്. പിന്നീട് 2021ല്‍ നവല്‍നിയെ ആര്‍ടിക് ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇതിനെതിരെ നവല്‍നിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നിയമപോരാട്ടം നടത്തിയിരുന്നു.

Other News in this category4malayalees Recommends