ഭീകരവാദ കേസില്‍ സൗദി അറേബ്യയില്‍ രണ്ട് പൗരന്‍മാരെ വധശിക്ഷയ്ക്ക് വിധേയമാക്കി. മക്ക പ്രവിശ്യയില്‍ അബ്ദുല്‍ അസീസ് ബിന്‍ സ്വാലിഹ് ബിന്‍ മുഹമ്മദ് അല്‍തുവൈം, സമി ബിന്‍ സൈഫ് ബിന്‍ നാജി ജീസാനി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള തീവ്രവാദ സെല്‍ രൂപീകരിക്കുന്നതില്‍ ഇവര്‍ പങ്കാളികളായെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ മറ്റുള്ളവരെ ഭീകരസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും ഭീകരാക്രമങ്ങള്‍ക്ക് പണം നല്‍കുകയും ഭീകര സംഘത്തിന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ താവളം ഒരുക്കുകയും ചെയ്‌തെന്ന കുറ്റങ്ങളും തെളിയിക്കപ്പെട്ടു.
ഭീകരസംഘം നടത്തിയ ആക്രമണത്തില്‍ സുരക്ഷാ സൈനികരില്‍ ഒരാള്‍ വീരമൃത്യുവരിച്ചിരുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രത്യേക വിചാരണാ കോടതിയാണ് കേസ് പരിഗണിച്ചത്. പ്രതികള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്ന വിചാരണാ കോടതി വിധി അപ്പീല്‍ കോടതി ശരിവച്ചിരുന്നു.