അലക്‌സി നവാല്‍നിയുടെ മൃതദേഹം വിട്ടുനല്‍കാത്തതില്‍ പ്രതിഷേധം; ആദരാഞ്ജലി അര്‍പ്പിച്ച 340ലധികം പേര്‍ അറസ്റ്റില്‍

അലക്‌സി നവാല്‍നിയുടെ മൃതദേഹം വിട്ടുനല്‍കാത്തതില്‍ പ്രതിഷേധം; ആദരാഞ്ജലി അര്‍പ്പിച്ച 340ലധികം പേര്‍ അറസ്റ്റില്‍
കഴിഞ്ഞ ദിവസം ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ മൃതദേഹം വിട്ടുനല്‍കാത്തതില്‍ പ്രതിഷേധം. നവാല്‍നിയുടെ മരണ വാര്‍ത്തയറിഞ്ഞ് ജയിലിലെത്തി ചേര്‍ന്ന മാതാവ് ല്യുഡ്മിലയക്കും അവരുടെ അഭിഭാഷകനും മൃതദേഹം കാണാന്‍ സാധിച്ചില്ലെന്ന് നവാല്‍നിയുടെ വക്താവായ കിറ യാര്‍മിഷ് അറിയിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മൃതദേഹം വിട്ടുനല്‍കുകയുള്ളുവെന്നാണ് അധികാരികള്‍ അറിയിക്കുന്നത്.

ജയിലിനു സമീപമുള്ള സേല്‍ഖാര്‍ഡിലേക്ക് നവാല്‍നിയുടെ മൃതദേഹം മാറ്റിയിട്ടുണ്ടെന്നാണ് ജയില്‍ അധികൃതര്‍ അറിയിക്കുന്നത്. റഷ്യന്‍ ഭരണാധികാരികള്‍ നവാല്‍നിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിക്കുന്ന നവാല്‍നി പക്ഷം കൊലയാളികള്‍ അവരുടെ വഴികള്‍ ഒളിപ്പിക്കാനാണ് മാതാവില്‍ നിന്നും പോലും മൃതദേഹം മറച്ചുവെക്കുന്നതെന്ന് ടെലഗ്രാമിലൂടെ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കി. 48 കാരനായ അലക്‌സി നവാല്‍നി 19 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് ജയിലില്‍ മരണപ്പെട്ടത്.

നവാല്‍നിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ചെറിയ പ്രതിഷേധങ്ങളെയും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നവരെയും തടയാന്‍ റഷ്യന്‍ പോലീസ് കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നു. 30 നഗരങ്ങളില്‍ നിന്നായി 340ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എന്‍ജിഒ ആയ ഒവിഡി ഇന്‍ഫോ റൈറ്റ്‌സ് ഗ്രൂപ്പ് പറയുന്നു. നിരവധി പേരാണ് തലസ്ഥാനമായ മോസ്‌കോയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. റഷ്യയില്‍ സംഭവിക്കാവുന്നതില്‍ ഏറ്റവും മോശപ്പെട്ട ഒന്നാണ് അലക്‌സി നവാല്‍നിയുടെ മരണമെന്നുള്ള എഴുത്തുകളും പൂവുകളും നവാല്‍നിക്ക് വേണ്ടി അവര്‍ സമര്‍പ്പിച്ചു.

നവാല്‍നിക്ക് പാശ്ചാത്യ നാടുകളില്‍ നിന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കപ്പെട്ടിട്ടും പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ മൗനം പാലിച്ചിരിക്കുന്നതിലും വിമര്‍ശനം ഉയരുന്നുണ്ട്. മ്യൂണിച്ചില്‍ നടന്ന വിദേശകാര്യ മന്ത്രിമാരുടെ ജി7 യോഗത്തില്‍ നവാല്‍നിയുടെ മരണത്തില്‍ മൗനം ആചരിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, മരണത്തില്‍ പുടിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. നല്‍വാനിയുടെ മരണത്തിന് ഉത്തരവാദി പുടിന്‍ ആണെന്നും ഇതിന്റെ അന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

പുടിനും കൂട്ടാളികളും രാജ്യത്തോടും തന്റെ കുടുംബത്തോടും ഭര്‍ത്താവിനോടും ചെയ്ത എല്ലാത്തിനും ശിക്ഷിക്കപ്പെടുമെന്ന് നവാല്‍നിയുടെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ മ്യൂണിച്ചിലെ സുരക്ഷാ കോണ്‍ഫറന്‍സില്‍ സംസാരിക്കവേ പങ്കാളി യൂലിയ നവാല്‍നിയ പറഞ്ഞു. ഈ പൈശാചികവും ഭയാനകവുമായ ഭരണകൂടത്തെ തോല്‍പ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

Other News in this category



4malayalees Recommends