വളര്‍ത്തിയത് 13 പിറ്റ്ബുള്‍ നായ്ക്കളെ ; ഭക്ഷണം നല്‍കാനെത്തിയ ഉടമയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി ; 35 കാരന്‍ മരിച്ചത് ചോര വാര്‍ന്ന്

വളര്‍ത്തിയത് 13 പിറ്റ്ബുള്‍ നായ്ക്കളെ ; ഭക്ഷണം നല്‍കാനെത്തിയ ഉടമയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി ; 35 കാരന്‍ മരിച്ചത് ചോര വാര്‍ന്ന്
ഭക്ഷണം നല്‍കാനെത്തിയ ഉടമയുടെ ജീവനെടുത്ത് വീട്ടില്‍ വളര്‍ത്തിയത് 13 പിറ്റ്ബുള്‍ നായകള്‍. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരമാണ് 35കാരനെ നായകള്‍ കടിച്ച് കീറി കൊന്ന നിലയില്‍ കണ്ടെത്തിയത്. വീടിന് പിന്‍വശത്തുള്ള കൂടുകള്‍ക്ക് സമീപത്തായാണ് യുവാവിന്റെ മൃതദേഹം സുഹൃത്ത് കണ്ടെത്തിയത്. 35കാരനുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ച് സാധ്യമാകാതെ വന്നതോടെയാണ് സുഹൃത്ത് ഇയാളുടെ വീട്ടിലെത്തിയത്.

വീട്ടില്‍ യുവാവിനെ കാണാതെ പിന്‍വശത്ത് എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ യുവാവ് കിടക്കുന്നത് സുഹൃത്ത് കാണുന്നത്. വിവരം അറിയിച്ചതിനേ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സഹായത്തോടെ നായകളെ നീക്കിയ ശേഷമാണ് 35കാരന്റെ ക്രൂരമായി ആക്രമിക്കപ്പെട്ട മൃതദേഹം വീണ്ടെടുക്കാന്‍ സാധിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീടിനും പരിസരത്തുമായി സ്ഥാപിച്ച ക്യാമറകളിലെ ദൃശ്യങ്ങളില്‍ നിന്ന് വ്യാഴാഴ്ച രാത്രി 7.30നും 8 മണിക്കും ഇടയിലാണ് യുവാവിനെ നായകള്‍ കടിച്ച് കൊന്നതെന്ന് വ്യക്തമായതായാണ് പൊലീസ് വിശദമാക്കുന്നത്.

നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. വലിയ മതില്‍കെട്ടിനുള്ളില്‍ നിരവധി കൂടുകളിലായി വലുതും ചെറുതുമായ 13 പിറ്റ് ബുള്‍ ഇനത്തിലെ നായകളെയാണ് യുവാവ് വളര്‍ത്തിയിരുന്നത്. നായകളുടെ വില്‍പനയും ബ്രീഡിംഗുമായി ബന്ധപ്പെട്ടായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. വീട്ടില്‍ ഇയാള്‍ തനിച്ചായിരുന്നു താമസം. നായ കടിച്ചേറ്റ പരിക്കുകള്‍ മൂലം രക്തം വാര്‍ന്നാണ് ഇയാള്‍ മരിച്ചിരിക്കുന്നതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

Other News in this category4malayalees Recommends