ബ്രിട്ടന്റെ അഭിമാനമായ ട്രിഡന്റ് മിസൈല്‍ ഉന്നംതെറ്റി കടലില്‍ പതിച്ചു. ബ്രിട്ടീഷ് ആണവ അന്തര്‍വാഹിനിയില്‍ നിന്നും നടത്തിയ പരീക്ഷണ വിക്ഷേപമാണ് പരാജയപ്പെട്ടത്. ഫ്‌ളോറിഡയുടെ തീരത്ത് നിന്നും മാറിയുള്ള സമുദ്രപ്രദേശത്ത് മിസൈല്‍ പതിച്ചത് റോയല്‍ നേവിക്ക് തിരിച്ചടിയായി മാറി.
എച്ച്എംഎസ് വാന്‍ഗാര്‍ഡ് ഉള്‍പ്പെട്ട പരീക്ഷണത്തില്‍ പിശക് സംഭവിച്ചതായി ഡിഫന്‍സ് മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ യുകെ പ്രതിരോധത്തിന്റെ സുപ്രധാന ആണവ ആയുധം സുരക്ഷിതവും, ഫലപ്രദവുമായി തുടരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
പരീക്ഷണ വിക്ഷേപത്തിലെ പ്രശ്‌നങ്ങളാണ് പരാജയത്തിന് ഇടയാക്കിയതെന്നാണ് പറയുന്നത്. യഥാര്‍ത്ഥ ആണവ പോര്‍മുഖത്താണ് ഉപയോഗിച്ചിരുന്നതെങ്കിലും വിക്ഷേപണം വിജയമായി മാറുമായിരുന്നുവെന്നാണ് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്. ജനുവരി 30-നാണ് നാടകീയ സംഭവങ്ങള്‍ നടന്നതായി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആ ഘട്ടത്തില്‍ ഡിഫന്‍സ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് അന്തര്‍വാഹിനിയില്‍ സാക്ഷിയായി ഉണ്ടായിരുന്നു. റോയല്‍ നേവിയുടെ രണ്ടാമത്തെ ട്രിഡന്റ് മിസൈല്‍ പരാജയമാണ് ഇത്. 2016-ലും ടെസ്റ്റ് ഫയറിംഗില്‍ പ്രതിസന്ധി നേരിട്ടിരുന്നു. ഇതോടെ റോയല്‍ നേവിയുടെ ആണവായുധങ്ങള്‍ക്ക് പ്രായമേറുന്നുവെന്ന വിമര്‍ശനം രൂക്ഷമാകുകയാണ്.
യുകെയ്ക്ക് നാല് ആണവ ആയുധ അന്തര്‍വാഹിനികളാണുള്ളത്. ഇതില്‍ ഒരെണ്ണമെങ്കിലും ഓരോ സമയത്തും കടലില്‍ ആണവ ഭീഷണി നേരിടാനായി രംഗത്തുണ്ടാകും. റഷ്യ പോലുള്ള എതിരാളികളെ നേരിടാനും, യുകെയ്‌ക്കോ, അതിന്റെ സഖ്യകക്ഷികള്‍ക്കോ ആണവ അക്രമം നേരിടുന്ന സാഹചര്യത്തില്‍ തിരിച്ചടി നല്‍കാനുമാണ് ഇത്.