സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പദയാത്രയില്‍ വച്ച പാട്ടു പാര്‍ട്ടിക്കും നേതൃത്വത്തിനും വിനയായിരിക്കുകയാണ്. അഴിമതിക്ക് പേരുകേട്ട കേന്ദ്രസര്‍ക്കാര്‍ എന്ന വാക്കാണ് കെ സുരേന്ദ്രന് പണിയായിരിക്കുന്നത്. പദയാത്രയുടെ ലൈവ് ടെലികാസ്റ്റില്‍ ഈ പാട്ട് കേള്‍പ്പിച്ചതാണ് യാത്രയെ തന്നെ നാണം കെടുത്തിയിരിക്കുന്നത്.
പൊന്നാനിയിലെ പദയാത്രയ്ക്കിടെയാണ് പാര്‍ട്ടിയെ വെട്ടിലാക്കിയ ഗാനം പ്ലേ ആയത്. കോഴിക്കോട് വെച്ച് എസ്എസി/എസ്ടി നേതാക്കള്‍ക്കൊപ്പം കെ സുരേന്ദ്രന്‍ ഉച്ചയൂണ് കഴിക്കുമെന്ന് നോട്ടീസില്‍ ഉള്‍പ്പെടുത്തിയത് വലിയ നാണക്കേടായിരുന്നു. ഇതിന്റെ നാണക്കേട് മാറുന്നതിന് മുമ്പെയാണ് അടുത്ത അമളിപറ്റിയിരിക്കുന്നത്.
പൊന്നാനിയിലെ പദയാത്രയുടെ വെബ് ലൈവിലെ ഗാനത്തിലാണ് കേന്ദ്രം അഴിമതി ഭരണത്തിന് പേരുകേട്ടതെന്നും ആ ഭരണത്തെ തച്ചുടയ്ക്കണമെന്നും കേള്‍പ്പിച്ചത്. അതേസമയം, ഈ ഗാനം കേന്ദ്രത്തിലെ യുപിഎ ഭരണത്തിനെതിരെ 2014ല്‍ തയാറാക്കിയതാണെന്നും ഇത് മാറി പ്ലേ ചെയ്തതാണെന്നുമൊക്കെയാണ് സൈബര്‍ സംഘത്തിന്റെ വിശദീകരണം.
എല്ലാത്തിനും കാരണം ഐടി സെല്ലിന്റെ പിഴവാണെന്നാണ് കാണിച്ച് ഐടി സെല്‍ ചെയര്‍മാന്‍ എസ് ജയശങ്കറിന് എതിരെ നടപടിയും എടുത്തിട്ടുണ്ട്. ഐടി സെല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പ്രോഗ്രാം ലൈവ് കൊടുക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും സ്വയം സേവകരും അടങ്ങിയ ഒരു ടീമിനായിരുന്നു ഉത്തരവാദിത്തം. സെറ്റ് ചെയ്തിരുന്ന ജനറേറ്റര്‍ പ്രവര്‍ത്തനം ഇടക്ക് മുടങ്ങി. ഇതിനിടെ ലൈവ് ടീമിന്റെ നെറ്റ് വര്‍ക്കില്‍ ഉണ്ടായ പ്രശ്‌നവുമുണ്ടായി. ഇതുകാരണം ലൈവ് ബ്രേക്ക് ആയെന്നുമാണ് ഐടി സെല്ലുകാരുടെ വിശദീകരണം.
ഈ പ്രതിസന്ധി ഒഴിവാക്കാന്‍ ലൈവില്‍ പാട്ട് കേറ്റുന്നതിന് വേണ്ടി കേരള ബിജെപി യുട്യൂബ് ചാനലില്‍ ഗാനങ്ങള്‍ സെര്‍ച്ച് ചെയ്ത് ഒരു അവര്‍ പാട്ട് ഇടുകയായിരുന്നുവെന്നും ഇത് പഴയ പാട്ടായതാണ് എല്ലാത്തിനും കാരണമെന്നും ഐടി സെല്ലുകാര്‍ പറയുന്നു.
അതേസമയം, ഇത് ഐടി സെല്ലിലെ ലൈവ് ടെലികാസ്റ്റ് കൈകാര്യം ചെയ്തവര്‍ക്ക് വന്ന കൈയബദ്ധമാണെങ്കില്‍ ഈ ഗാനം എവിടെ നിന്ന് വന്നുവെന്ന് ചോദ്യം ബാക്കിയാവുകയാണ്. 2014ലെ പാട്ടാണ് ഇതെന്നത് സത്യമാണെങ്കില്‍ അന്നത്തെ ഗാനത്തില്‍ പദയാത്ര എന്ന വാക്ക് കടന്നുവരുമെന്നാണ് ചോദ്യം ഉയരുന്നത്.
2014ല്‍ അന്നത്തെ സംസ്ഥാന അധ്യക്ഷനായിരുന്ന വി മുരളീധരന്‍ന്റെ വികസന യാത്ര എന്ന പരിപാടിയിലേതാണ് ഈ പാട്ട് എന്നതാണെന്നും പറയുന്നുണ്ട്. എന്നാല്‍, അന്നത്തെ പാട്ട് യൂട്യൂബില്‍ ഇല്ല. സംഭവത്തില്‍ വിമര്‍ശനമുയരുകയാണ്.