ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുല (23) പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ സിയാറ്റില്‍ പൊലീസ് ഓഫീസര്‍ കെവിന്‍ ഡേവിനെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ റദ്ദാക്കിയ യുഎസ് കോടതി വിധി പുനപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മതിയായ തെളിവുകളുടെ അഭാവം കാരണം ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന നിലപാടിനെതിരെയാണ് ഇന്ത്യ രംഗത്തുവന്നിരുന്നത്.
ആന്ധ്ര സ്വദേശിയും സിയാറ്റില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമായിരുന്ന ജാഹ്നവി കഴിഞ്ഞ വര്‍ഷം ജനുവരി 23 ന് ആണ് തെരുവു കുറുകെ കടക്കുമ്പോള്‍ പൊലീസ് വാഹനമിടിച്ച് മരിച്ചത്.
അമിത അളവില്‍ ലഹരി മരുന്നു കഴിച്ചതായി ഫോണ്‍ ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന് പോകുകയായിരുന്നു പൊലീസ്. അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡാനിയല്‍ ഓഡറര്‍ സിയാറ്റില്‍ പൊലീസ് ഓഫീസേഴ്‌സ് ഗില്‍ഡ് പ്രസിഡന്റിനെ ഫോണില്‍ വിളിച്ചതിന്റെ ശബ്ദരേഖ പുറത്തായതും വിവാദമായിരുന്നു. വിദ്യാര്‍ത്ഥിനി മരിച്ചെന്ന് പറഞ്ഞു പൊട്ടിച്ചിരിച്ച ഓഡറര്‍, വണ്ടിയോടിച്ച പൊലീസുകാരന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പണം നല്‍കി പ്രശ്‌നം പരിഹരിക്കാമെന്നും പറഞ്ഞത് വിവാദമായിരുന്നു. പിന്നീട് ഇയാള്‍ വകുപ്പ് തല നടപടി നേരിട്ടു.
ജാഹ്നവിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിയാറ്റില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.