അമേരിക്കയില്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തില്‍ ഇന്ത്യക്കാരന് മരിച്ചു. 27 വയസുകാരനായ ഫാസില്‍ ഖാനാണ് മരിച്ചതെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ലിഥിയം അയോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് വന്‍ തീപിടുത്തമുണ്ടായതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ന്യുയോര്‍ക്കിലെ ഹേരലമിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അതീവ ദുഃഖകരമായ സംഭവമാണ് നടന്നതെന്നും മരണപ്പെട്ട ഫാസില്‍ ഖാന്റെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി എക്സില്‍ കുറിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും എംബസി അറിയിച്ചിട്ടുണ്ട്. മരണപ്പെട്ടയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വെള്ളിയാഴ്ചയായിരുന്നു അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തമുണ്ടായത്. ഒരാള്‍ മരണപ്പെട്ടതിന് പുറമെ 17 പേര്‍ക്ക് പരിക്കേറ്റു. ആറ് നിലകളുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. തുടര്‍ന്ന് മറ്റ് നിലകളിലേക്കും തീ പടര്‍ന്നു പിടിച്ചു. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ പലരും ജനലുകളിലൂടെ ചാടിയാണ് രക്ഷപ്പെട്ടത്. അഗ്നിശമന സേനാ അംഗങ്ങള്‍ക്കും കെട്ടിടത്തില്‍ നേരിട്ട് പ്രവേശിക്കാനോ ആളുകളെ താഴേക്ക് കൊണ്ടുവരാനോ സാധിച്ചില്ല. തുടര്‍ന്ന് റോപ്പുകളിലൂടെ ആളുകളെ താഴേക്ക് ഇറക്കുകയായിരുന്നു.
പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. പരിസരത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇവരെ അടുത്തുള്ള സ്കൂളില്‍ താത്കാലിക സൗകര്യം ഒരുക്കി അവിടെ താമസിപ്പിച്ചിരിക്കുകയാണ്.