മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിച്ചു; രക്തം തുപ്പി അഞ്ചുപേര്‍, രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍

മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിച്ചു; രക്തം തുപ്പി അഞ്ചുപേര്‍, രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍
ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിച്ച അഞ്ചുപേര്‍ക്ക് വായില്‍ പൊള്ളലേറ്റതായി റിപ്പോര്‍ട്ട്. ദില്ലിയിലെ ഗുരുഗ്രാമിലാണ് സംഭവം. ഗുരുഗ്രാമിലെ ഒരു കഫേയില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ഇവര്‍ മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിക്കുകയായിരുന്നു. മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് വായില്‍ നിന്ന് രക്തം വരികയും പൊള്ളലേല്‍ക്കുകയും ചെയ്തു. വായില്‍ പൊള്ളലേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഗുരുഗ്രാമിലെ കഫേയിലെത്തിയ അങ്കിത് കുമാറിനും ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമാണ് വായില്‍ പൊള്ളലേറ്റത്. മൗത്ത് ഫ്രഷനര്‍ ഉപയോഗിച്ച ഇവര്‍ വേദനയോടെയും അസ്വസ്ഥതയോടെയും നിലവിളിക്കുകയും കരയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊള്ളലേറ്റ ഒരാളുടെ വായില്‍ ഐസ് ഇടുന്നതും പിന്നീട് ഛര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മൗത്ത് ഫ്രഷ്‌നറില്‍ അവര്‍ എന്താണ് കലര്‍ത്തിയതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഇവിടെ എല്ലാവരും ഛര്‍ദ്ദിക്കുകയാണെന്ന് അങ്കിത് കുമാര്‍ പ്രതികരിക്കുന്നുണ്ട്. നാവില്‍ മുറിവുകളും വായയില്‍ പൊള്ളലേറ്റിട്ടുമുണ്ട്. എന്ത് തരം ആസിഡാണ് അവര്‍ ഞങ്ങള്‍ക്ക് നല്‍കിയതെന്ന് അറിയില്ലെന്നും അങ്കിത് കുമാര്‍ പറയുന്നു. സംഭവത്തില്‍ പരിക്കേറ്റവര്‍ പൊലീസില്‍ പരാതി നല്‍കി.

മൗത്ത് ഫ്രഷ്‌നറിന്റെ പാക്കറ്റ് ഡോക്ടറെ കാണിച്ചുവെന്നും ഡോക്ടര്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും അങ്കിത് കുമാര്‍ വ്യക്തമാക്കുന്നു. മൗത്ത് ഫ്രഷ്‌നര്‍ മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന ആസിഡ് ചേര്‍ത്താണ് നിര്‍മ്മിച്ചതെന്നും ഡോക്ടര്‍ പറഞ്ഞതായി അങ്കിത് കുമാര്‍ പറയുന്നു. മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിച്ച് വായ പൊള്ളിയപ്പോള്‍ വെള്ളം കൊണ്ടുപോലും വേദന ശമിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ഡോക്ടര്‍ പറയുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Other News in this category



4malayalees Recommends