നോര്‍ത്തേണ്‍ മനിബോട്ടയിലെ ഫസ്റ്റ് നേഷന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റിയില്‍ ആവശ്യത്തിന് നഴ്‌സുമാര്‍ ഇല്ലാതെ വന്നതോടെയാണ് പ്രതിസന്ധിയായത്.
ക്രോസ് ലേക്ക് എന്ന് അറിയപ്പെടുന്ന പിമിസികമാക് ക്രീ നേഷനിലെ നഴ്‌സിംഗ് സ്റ്റേഷനില്‍ ചുരുങ്ങിയത് 13 നഴ്‌സുമാരുടെ സേവനമാണ് ആവശ്യമുണ്ടായിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച ഇത് കേവലം നാലായി ചുരുങ്ങി.
ഇതോടെ സേവനത്തിനെത്തിയ നഴ്‌സുമാര്‍ സമ്മര്‍ദത്തിലാകുകയും, ഉറക്കമില്ലാത്ത അവസ്ഥ നേരിടുകയും ചെയ്തു. അടിയന്തര രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ രോഗികളെ തിരികെ അയയ്ക്കാനും തുടങ്ങി.
ക്രോസ് ലേക്കില്‍ നഴ്‌സിംഗ് സ്‌റ്റേഷന്‍ മാത്രമാണ് ചികിത്സ തേടാനുള്ള ഏക ആശ്രയമെന്ന് ഇവിടുത്തെ ഹെല്‍ത്ത് ഡയറക്ടര്‍ ഹെല്‍ഗാ ഹാമില്‍ടണ്‍ പറഞ്ഞു. നഗരങ്ങളില്‍ വാക്ക് ഇന്‍ ക്ലിനിക്കിലോ, മറ്റ് ഇടങ്ങളിലോ ചികിത്സ തേടാം. ഇവിടെ മറ്റ് വിധത്തിലുള്ള ആരോഗ്യസേവനങ്ങള്‍ ഒന്നുമില്ല, ഹെല്‍ഗ ചൂണ്ടിക്കാണിച്ചു.
നഴ്‌സുമാരുടെ ക്ഷാമം ഒറ്റ രാത്രിയില്‍ സംഭവിച്ചതല്ലെന്ന് ഹാമില്‍ടണ്‍ പറയുന്നു. നാല് പേരെ വെച്ച് 24 മണിക്കൂര്‍ ഷിഫ്റ്റ് വരെ ജോലി ചെയ്യിക്കുന്നത് അപകടകരമാണെന്ന് ഇവര്‍ ഏഓര്‍മ്മിപ്പിക്കുന്നു.