ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് ഇരട്ടവോട്ട്; റവന്യൂ വകുപ്പിന്റെ നോട്ടീസ്

ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് ഇരട്ടവോട്ട്; റവന്യൂ വകുപ്പിന്റെ നോട്ടീസ്
ഇടുക്കി ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് ഇരട്ടവോട്ടുള്ളതായി കണ്ടെത്തല്‍. ഉടുമ്പന്‍ചോല പഞ്ചായത്തിലെ തോട്ടം തൊഴിലാളികള്‍ക്കാണ് കേരളത്തിലും തമിഴ്‌നാട്ടിലും വോട്ട് ഉണ്ടെന്ന് കണ്ടെത്തിയത്. റവന്യൂ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തല്‍. 174 പേര്‍ക്ക് റവന്യൂ വകുപ്പ് നോട്ടീസ് അയച്ചു.

ഇടുക്കിയിലെ അതിര്‍ത്തി മേഖലകളില്‍ വ്യാപകമായി ഇരട്ട വോട്ടുകളുണ്ടെന്ന ബിജെപി പ്രാദേശിക നേതൃത്വം പരാതി നല്‍കിയതിന് പിന്നാലെയാണ് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ ഉടുമ്പന്‍ചോല പഞ്ചായത്തിലെ ആറ്, 12 എന്നീ വാര്‍ഡുകളിലെ 174 പേര്‍ക്ക് ഇരട്ട വോട്ടുകളുണ്ടെന്നാണ് കണ്ടെത്തിയത്. ഉടുമ്പന്‍ചോലയിലെയും തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പം മണ്ഡലത്തിലെയും വോട്ടോഴ്‌സ് ലിസ്റ്റുകളിലാണ് പേരുള്ളത്.

രണ്ടു വോട്ടേഴ്‌സ് ലിസ്റ്റിലും പേരുള്ളത് ഒരേ ആളാണോയെന്ന് സ്ഥിരീകരിക്കാന്‍ അടുത്ത മാസം ഒന്നിന് ഹിയറിങ്ങിന് ഹാജരാകാനാണ് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയത്. രണ്ടിടത്തും വോട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ഒരെണ്ണം റദ്ദാക്കും. ഇടുക്കിയിലെ മറ്റു തോട്ടം മേഖലകളിലും ഇരട്ട വോട്ടുകളുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Other News in this category



4malayalees Recommends