അക്ഷയ് കുമാറിനെ ഞെട്ടിച്ച മലയാളി നടി

അക്ഷയ് കുമാറിനെ ഞെട്ടിച്ച മലയാളി നടി
അക്ഷയ് കുമാറിനെ ഞെട്ടിച്ച നടി താന്‍ ആണെന്ന് സുരഭി ലക്ഷ്മി. ദേശീയ പുരസ്‌കാര ചടങ്ങിനിടെ താന്‍ പരിചയപ്പെട്ട ഒരു മലയാളി നടിയെ കുറിച്ച് അക്ഷയ് കുമാര്‍ ഒരു പ്രസ് മീറ്റില്‍ പറഞ്ഞത് ചര്‍ച്ചയായി മാറിയിരുന്നു. ഇതോടെ ആരാണ് ആ താരം എന്ന് അന്വേഷിക്കുകയായിരുന്നു പ്രേക്ഷകര്‍. സുരഭി ലക്ഷ്മിയെ കുറിച്ചാണ് അക്ഷയ് പറഞ്ഞതെന്ന് മലയാളികള്‍ കമന്റ് ചെയ്തതോടെ 2017ലെ ദേശീയ അവാര്‍ഡ് ചടങ്ങിലെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് നടി എത്തി.

'മിന്നാമിനുങ്ങ്' എന്ന ആദ്യ ചിത്രത്തിലൂടെയാണ് സുരഭി ദേശീയ അവാര്‍ഡ് നേടുന്നത്. അക്ഷയ് കുമാര്‍ 'രുസ്തം' എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം 2017ല്‍ നേടിയത്. ആദ്യ സിനിമയ്ക്കാണ് തനിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത് എന്ന് സുരഭി പറഞ്ഞത് തന്നെ ഞെട്ടിപ്പിച്ചു എന്നായിരുന്നു അക്ഷയ് പറഞ്ഞത്.

'ദേശീയ അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ എന്റെ അടുത്ത് ഒരു പെണ്‍കുട്ടി വന്നിരുന്നു. 'ഞാന്‍ മലയാള സിനിമയിലെ ഒരു നടി ആണ്. താങ്കളുടെ വലിയൊരു ആരാധിക കൂടിയാണ്' എന്ന് അവര്‍ പറഞ്ഞു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ വളരെയധികം അഭിമാനബോധത്തോടെ ഇരിക്കുന്ന എന്നോട് അവര്‍ ചോദിച്ചു, 'സര്‍… താങ്കള്‍ എത്ര സിനിമ ചെയ്തിട്ടുണ്ട്?' എന്ന്.

'135 സിനിമയോളം ചെയ്തിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍, ഞാന്‍ തിരിച്ചു ചോദിച്ചു, 'കുട്ടി എത്ര സിനിമകള്‍ ചെയ്തിട്ടുണ്ട്?' ആ പെണ്‍കുട്ടി പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടി! അവര്‍ പറഞ്ഞു, സര്‍ ഇത് എന്റെ ആദ്യ സിനിമ ആണെന്ന്. ആദ്യ സിനിമയില്‍ തന്നെ ദേശീയ പുരസ്‌കാരം വാങ്ങാന്‍ എത്തിയിരിക്കുന്ന ആ പെണ്‍കുട്ടിയോട് 135ാമത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാന്‍ വന്നിരിക്കുന്ന ഞാന്‍ എന്താണ് മറുപടി പറയേണ്ടത്?' എന്നായിരുന്നു അക്ഷയ് കുമാര്‍ പറഞ്ഞത്.

അക്ഷയ് കുമാര്‍ സംസാരിച്ച വീഡിയോക്ക് താഴെയാണ് പലരും സുരഭിയെ മെന്‍ഷന്‍ ചെയ്തത്. ഇതോടെ സുരഭി കമന്റുമായി എത്തുകയായിരുന്നു. 'ഈ വീഡിയോയില്‍ അദ്ദേഹം പരാമര്‍ശിച്ച വ്യക്തി ഞാനാണ്. അദ്ദേഹം പറയുന്നത് കേട്ടിട്ട് എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അദ്ദേഹം ഇപ്പോഴും ആ സംഭാഷണം ഓര്‍ത്തിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.'

'അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു ബഹുമതി ആയി ഞാന്‍ കാണുന്നു. എന്റെ പ്രിയപ്പെട്ട നടനുമായി കുറച്ചു സമയം പങ്കുവയ്ക്കാന്‍ എനിക്ക് ലഭിച്ച ഒരു പ്രത്യേക നിമിഷമായിരുന്നു അത്. ഞാന്‍ ആദ്യമായി നായികയായി അഭിനയിച്ച സിനിമയായിരുന്നു മിന്നാമിനുങ്ങ്. അദ്ദേഹം എന്നെ ഇപ്പോഴും എന്നെ ഓര്‍ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം' എന്നാണ് സുരഭി ലക്ഷ്മിയുടെ കമന്റ്.

Other News in this category4malayalees Recommends