നവജാതശിശുക്കള്‍ കരിഞ്ചന്തയില്‍ വില്‍പ്പനയ്ക്ക്, വില അഞ്ചു ലക്ഷം; സിബിഐ റെയ്ഡില്‍ രക്ഷിച്ചത് 2 നവജാത ശിശുക്കളെ

നവജാതശിശുക്കള്‍ കരിഞ്ചന്തയില്‍ വില്‍പ്പനയ്ക്ക്, വില അഞ്ചു ലക്ഷം; സിബിഐ റെയ്ഡില്‍ രക്ഷിച്ചത് 2 നവജാത ശിശുക്കളെ
ഡല്‍ഹിയില്‍ കുട്ടികളെ കടത്തുന്ന സംഘങ്ങളെ ലക്ഷ്യമിട്ട് സിബിഐ നടത്തിയ റെയ്ഡില്‍ രണ്ട് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി നടത്തിയ റെയ്ഡില്‍ ഒരാള്‍ അറസ്റ്റിലായതായും കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതായും സിബിഐ അറിയിച്ചു. ഡല്‍ഹിയിലെ കേശവ്പുരം എന്ന സ്ഥലത്തെ ഒരു വീട്ടില്‍ നിന്നാണ് സിബിഐ നവജാത ശിശുക്കളെ രക്ഷിച്ചത്. നവജാത ശിശുക്കളെ വാങ്ങി മറിച്ച് വില്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം.

അറസ്റ്റിലായവരില്‍ ഒരു ആശുപത്രി വാര്‍ഡ് ബോയിയും മറ്റ് നിരവധി സ്ത്രീകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം 10 കുട്ടികളെ വിറ്റതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. കുട്ടികളെ കടത്തി വ്യാപാരം ചെയ്യുന്ന അധോലോക സംഘങ്ങള്‍ രാജ്യതലസ്ഥാനത്ത് സജീവമാണെന്നാണ് സിബിഐ നല്‍കുന്ന വിവരം.

നവജാതശിശുക്കളെ കരിഞ്ചന്തയില്‍ ചരക്കുകളായി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. കുട്ടികളെ വിറ്റ സ്ത്രീയെയും വാങ്ങിയവരെയും ഉള്‍പ്പെടെ സിബിഐ ചോദ്യം ചെയ്യും. സിബിഐ അന്വേഷണം ഒന്നിലധികം സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്. പല പ്രധാന ആശുപത്രികളും പരിശോധനയും സിബിഐ നടത്തുന്നുണ്ട്.

നവജാതശിശുക്കളെ 4 മുതല്‍ 5 ലക്ഷം രൂപ വരെയുള്ള അമിത തുകയ്ക്കാണ് വില്‍ക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും സിബിഐ അറിയിച്ചു.

Other News in this category



4malayalees Recommends