കാനഡയില്‍ വെടിവയ്പ്; ഇന്ത്യന്‍ വംശജനുള്‍പ്പടെ 2 പേര്‍ കൊല്ലപ്പെട്ടു, കാറിടിച്ച് അക്രമിക്ക് ഗുരുതര പരിക്ക്

കാനഡയില്‍ വെടിവയ്പ്; ഇന്ത്യന്‍ വംശജനുള്‍പ്പടെ 2 പേര്‍ കൊല്ലപ്പെട്ടു, കാറിടിച്ച് അക്രമിക്ക് ഗുരുതര പരിക്ക്
കാനഡയിലെ തെക്കന്‍ എഡ്മണ്ടനിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എഡ്മണ്ടന്‍ ആസ്ഥാനമായി ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇന്ത്യന്‍ വംശനായ ബുട്ടാ സിങ് എന്നയാളടക്കം രണ്ട് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് വെടിവെപ്പ് നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെടിവെപ്പ് നടന്നതിന് അടുത്തുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്നും കറുത്ത നിറത്തിലുള്ള കാര്‍ പുറത്തേക്ക് വരുന്നത് കണ്ടെന്നും കെട്ടിട നിര്‍മാണ തൊഴിലാളിയുടെ വേഷത്തില്‍ നടന്നു വന്നയാളെ ഈ കാര്‍ ഇടിച്ചെന്നും ഇതോയൊണ് വെടിവെപ്പ് നടന്നതെന്നുമാണ് ദൃക്‌സാക്ഷി ലിന്‍ഡ്‌സെ ഹില്‍ടന്‍ പൊലീസിന് മൊഴി നല്‍കിയത്. തൊഴിലാളിയുടെ വേഷം ധരിച്ചെത്തിയ ആളെ കാര്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. ഇതോടെ അപകടത്തില്‍പ്പെട്ടയാള്‍ ഒളിപ്പിച്ചുവെച്ച തോക്ക് പുറത്തെടുക്കുകയും വാഹനമോടിച്ചയാളെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു എന്നും ദൃക്‌സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്.

ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി വെടിയേറ്റവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഗുരുതര പരിക്കേറ്റ ഇരുവരും ചികിത്സയിലിരിക്കെ മരണപ്പെട്ടു. സംഭവസ്ഥലത്ത് പരിക്കേറ്റ് കിടന്നയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാരകമായി പരുക്കേറ്റ് ചികില്‍സയിലുള്ളയാള്‍ തന്നെയാണ് ബുട്ടാ സിങിനെയും കൂടെയുണ്ടായിരുന്ന ആളെയും വെടി വെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമിയുടെ പേരു വിവരങ്ങള്‍ ഇതുവരെ പൊലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നും പൊലീസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends