മലയാളികള്‍ കൈകോര്‍ക്കുന്നു; അബ്ദുറഹീമിനായി 25 കോടി സ്വരൂപിച്ചു; ഇനി വേണ്ടത് 9 കോടി രൂപ

മലയാളികള്‍ കൈകോര്‍ക്കുന്നു; അബ്ദുറഹീമിനായി 25 കോടി സ്വരൂപിച്ചു; ഇനി വേണ്ടത് 9 കോടി രൂപ
സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അബ്ദുറഹീമിന്റെ മോചനത്തിന് ലോകമെമ്പാടുമുള്ള മലയാളികള്‍ കൈകോര്‍ക്കുന്നു. മൂന്ന് ദിവസം കൊണ്ട് ഇനി സ്വരൂപിക്കേണ്ടത് 9 കോടി രൂപയാണ്. ഇതിനോടകം 25 കോടി രൂപ ലഭിച്ചുകഴിഞ്ഞു. 34 കോടി രൂപയാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടത്. ബാക്കി തുക ക?ണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പ്രിയപ്പെട്ടവര്‍. മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അബ്ദുറഹീമിന്റെ മാതാവ് ഫാത്തിമയും.


അബ്ദുറഹീമിനെ സഹായിക്കാന്‍ കൈകോര്‍ക്കാം:


MP ABDUL RAHIM LEGAL ASSISTANCE COMMITTEE

A/C NO 074905001625

IFSC CODE ICIC0000749

BRANCH: ICICI MALAPPURAM


കേസില്‍ കഴിഞ്ഞ 16 വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം. 2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു.

ഇതോടെ അബ്ദുറഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി. പിടിച്ചുപറിക്കാര്‍ റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയില്‍ ഇരുവരും ചേര്‍ന്ന് ഒരു കള്ളക്കഥയുണ്ടാക്കി. റഹീമിനെ സീറ്റില്‍ കെട്ടിയിട്ടു പോലീസിനെ വിവരം അറിയിച്ചു. എന്നാല്‍ പോലീസ് എത്തി ചോദ്യം ചെയ്തതോടെ കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. 10 വര്‍ഷത്തിന് ശേഷം നസീറിന് ജാമ്യം ലഭിച്ചു. റഹീം വധ ശിക്ഷയും കാത്ത് അല്‍ഹായിര്‍ ജയിലില്‍ തുടരുകയാണ്. റഹീമിന് നിയമ സഹായം നല്‍കുന്നതിനായി റിയാദിലെ സാമൂഹിക സംഘടനാ പ്രതിനിധികള്‍ അടങ്ങുന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. സൗദി രാജാവിന് ദയാ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ദിയാപണമായ 33 കോടി രൂപ കണ്ടെത്താന്‍ സഹായിക്കണമെന്ന് റഹീമിന്റെ കുടുംബം ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസി.

Other News in this category



4malayalees Recommends