യുകെ വിസയ്ക്കായി അപേക്ഷിക്കാന്‍ ഇനി ആവശ്യമായ മിനിമം സാലറി എത്രയെന്ന് അറിയാമോ? കുടിയേറ്റം കുറയ്ക്കാനുള്ള നടപടികളുടെ ബലത്തില്‍ ഇനി ആര്‍ക്കെല്ലാം യുകെയിലക്ക് വരാം? സ്വപ്‌നം കാണുന്നവര്‍ അറിഞ്ഞിരിക്കണം പോയിന്റ് ബേസ്ഡ് സിസ്റ്റം

യുകെ വിസയ്ക്കായി അപേക്ഷിക്കാന്‍ ഇനി ആവശ്യമായ മിനിമം സാലറി എത്രയെന്ന് അറിയാമോ? കുടിയേറ്റം കുറയ്ക്കാനുള്ള നടപടികളുടെ ബലത്തില്‍ ഇനി ആര്‍ക്കെല്ലാം യുകെയിലക്ക് വരാം? സ്വപ്‌നം കാണുന്നവര്‍ അറിഞ്ഞിരിക്കണം പോയിന്റ് ബേസ്ഡ് സിസ്റ്റം
യുകെയിലേക്ക് കുടിയേറണം, മനോഹരമായ ജീവിതം കെട്ടിപ്പടുക്കണം. മലയാളികളായ യുവാക്കള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ഈ സ്വപ്‌നം കാണുന്നു. എന്നാല്‍ കുടിയേറ്റക്കാരുടെ വരവ് നിയന്ത്രണാതീതമായതോടെ നിരവധി മാറ്റങ്ങളാണ് യുകെ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ പ്രഖ്യാപിച്ചത്. പല ഘട്ടങ്ങളിലായി പ്രാബല്യത്തില്‍ വന്ന ഈ മാറ്റങ്ങള്‍ പലരുടെയും സ്വപ്‌നങ്ങളെ തകര്‍ക്കുന്നതാണ്.

കുടിയേറ്റം കുറയ്ക്കാനുള്ള പദ്ധതികളുടെ ഭാഗമായി യുകെ വിസയ്ക്കുള്ള ശമ്പള യോഗ്യതകള്‍ കുത്തനെ ഉയര്‍ത്തിയതാണ് പ്രധാന തിരിച്ചടി. യുകെയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും പോയിന്റ് ബേസ്ഡ് സിസ്റ്റത്തിലൂടെയാണ് വിസയ്ക്കായി അപേക്ഷിക്കേണ്ടത്. 2024 ഏപ്രില്‍ 11 മുതല്‍ ഉയര്‍ന്ന ശമ്പളമുള്ള ജോബ് ഓഫര്‍ ഇതിനുള്ള അടിസ്ഥാന യോഗ്യതയാണ്.

ചുരുങ്ങിയത് 38,700 പൗണ്ട് വരുമാനമുള്ളവര്‍ക്കാണ് ഇതിന് അപേക്ഷിക്കാന്‍ കഴിയുക. മുന്‍പത്തെ 26,200 പൗണ്ടില്‍ നിന്നും 50% വര്‍ദ്ധനവാണ് നടപ്പാക്കിയിട്ടുള്ളത്. ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍, ടീച്ചേഴ്‌സ് എന്നിവര്‍ക്ക് ഈ പരിധി ബാധകമല്ല. എന്നാല്‍ വിദേശ കെയര്‍ ജീവനക്കാര്‍ക്ക് ഇനി കുടുംബത്തെ ഡിപ്പന്‍ഡന്റ്‌സായി കൊണ്ടുവരാന്‍ കഴിയില്ല.

യുകെയില്‍ ആറ് മാസത്തില്‍ കൂടുതല്‍ താമസിക്കാന്‍ അനുവാദമുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പം കഴിയാന്‍ ഫാമിലി വിസ ആവശ്യമുണ്ട്. ഇതിനുള്ള മിനിമം ശമ്പളപരിധി 38,700 പൗണ്ടായി ഉയര്‍ത്തിയെങ്കിലും വിവാദമായതോടെ ഇത് 29,000 പൗണ്ടായി കുറച്ചിട്ടുണ്ട്. 2025-ഓടെ മുന്‍പ് നിശ്ചയിച്ച വര്‍ദ്ധന പ്രാബല്യത്തിലാകും.

സ്‌കില്‍ഡ് വര്‍ക്കര്‍ വിസ പ്രകാരം പോയിന്റ് ബേസ്ഡ് സിസ്റ്റത്തില്‍ 70 പോയിന്റ് ഉണ്ടെങ്കിലാണ് അപേക്ഷിക്കാന്‍ കഴിയുക, ജോബ് ഓഫറും, ഇംഗ്ലീഷ് സ്‌കില്ലും ഉണ്ടെങ്കില്‍ 50 പോയിന്റ് ലഭിക്കും.

Other News in this category



4malayalees Recommends