തിരക്കേറിയ സിറ്റി സെന്ററില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിന് ഇരയായി. അക്രമിയെ തിരഞ്ഞ് പോലീസ് അടിയന്തര തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ലിവര്‍പൂളിലെ സെന്റ് ജോണ്‍സ് ഗാര്‍ഡന്‍സിലാണ് രാവിലെ 1.50-ഓടെ തകര്‍ന്ന നിലയില്‍ 16-കാരിയെ കണ്ടെത്തിയത്. ഇതോടെ പോലീസ് ഓഫീസര്‍മാര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു.
അപരിചിതനായ ഒരു പുരുഷനില്‍ നിന്നുമാണ് പെണ്‍കുട്ടിക്ക് അതിക്രമം നേരിട്ടതെന്ന് മേഴ്‌സിസൈഡ് പോലീസ് പറഞ്ഞു. പ്രത്യേക പരിശീലനം നേടിയ ഓഫീസര്‍മാര്‍ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കുന്നുണ്ട്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സെന്റ് ജോണ്‍സ് ഗാര്‍ഡന്‍സിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ദൃക്‌സാക്ഷികള്‍ ആരെങ്കിലും ഇതേക്കുറിച്ച് വിവരം നല്‍കുമോയെന്നും അന്വേഷണത്തില്‍ ആരായുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് പോലീസ് പട്രോളിംഗ് ശക്തമാക്കി. ദുരൂഹമായ പ്രവൃത്തികള്‍ കണ്ടാല്‍ പൊതുജനങ്ങള്‍ മടികൂടാതെ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം.
ചെറിയ പെണ്‍കുട്ടിക്ക് ഇത്തരമൊരു അതിക്രമം നേരിട്ടത് ഞെട്ടിക്കുന്നതാണെന്ന് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ പോള്‍ പാരി പറഞ്ഞു. ഇതിന് ഉത്തരവാദിയായ വ്യക്തിയെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുലര്‍ച്ചെ 1.30-ഓടെ സെന്റ് ജോണ്‍സ് ഗാര്‍ഡന്‍സിന് സമീപം കടന്നുപോയ ഡ്രൈവര്‍മാര്‍ ഡ്യാഷ് ക്യാം വീഡിയോ പരിശോധിക്കാനും പോലീസ് ആവശ്യപ്പെടുന്നുണ്ട്.