ഓസ്‌ട്രേലിയയില്‍ തദ്ദേശിയമായി നിര്‍മ്മിച്ച ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുന്നു.ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ബഹിരാകാശ കമ്പനിയായ ഗില്‍മോര്‍ സ്‌പേസ് ടെക്‌നോളജീസ് നിര്‍മ്മിച്ച എറിസ് റോക്കറ്റാണ് ക്വീന്‍സ്ലാന്‍ഡില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിക്കുക.
വിക്ഷേപണത്തിനായി ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി. ആഴ്ചകള്‍ക്കുള്ളില്‍ ക്വീന്‍സ്ലാന്‍ഡിലെ തീരദേശ പട്ടണമായ ബോവനില്‍ നിന്ന് റോക്കറ്റിന്റെ വിക്ഷേപണം നടക്കുമെന്നാണ് സൂചന.
എറിസ് റോക്കറ്റിന്റെ 25 മീറ്റര്‍ (82 അടി) ഉയരമുണ്ട്. വിക്ഷേപണത്തിന്റെ ഭാഗമായി നോര്‍ത്ത് ക്വീന്‍സ്ലാന്‍ഡിലെ ലോഞ്ച്പാഡില്‍ റോക്കറ്റ് ലംബമായി ഉയര്‍ത്തി. 30000 കിലോഗ്രാം ഭാരമുള്ള എറിസ് റോക്കറ്റിന്റെ നിര്‍മ്മാണ ചെലവ് നൂറു മില്യണ്‍ ഡോളറിലേറെയാണ്.
ബഹിരാകാശ രംഗത്ത് ചുവടുറപ്പിക്കാനുള്ള ഓസ്‌ട്രേലിയന്‍ ശ്രമങ്ങള്‍ക്ക് എറിസ് റോക്കറ്റിന്റെ വിക്ഷേപണം കൂടുതല്‍ കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.