സുരക്ഷാ വടം കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ച സംഭവം ; മനോജ് മദ്യപിക്കാറില്ല, പ്രധാനറോഡിലെ പ്ലാസ്റ്റിക് വള്ളിയാണ് അപകടമുണ്ടാക്കിയതെന്ന് കുടുംബം
സുരക്ഷാ വടം കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ക്രമീകരിച്ച വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനായ തേവര സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. നഗരമധ്യത്തില്‍ പ്രധാന റോഡില്‍ പ്ലാസ്റ്റിക് വള്ളി കെട്ടിയതാണ് അപകടകാരണമെന്ന് മനോജിന്റെ വീട്ടുകാര്‍ പറഞ്ഞു.
റോഡിന് കുറുകെ കെട്ടിയ പ്ലാസ്റ്റിക് വള്ളി മനോജ് കണ്ടിരിക്കില്ല. ബാരിക്കേഡോ റിബണ്‍കെട്ടിയ വലിയ വടമോ ഉപയോഗിച്ചിരുന്നെങ്കില്‍ അപകടം ഒഴിവായേനേ. മദ്യപിക്കാത്ത ആളാണ് മനോജെന്നും സഹോദരി ചിപ്പി പ്രതികരിച്ചു. പൊലീസിനോട് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടമുണ്ടായത്. പൊലീസ് കൈകാട്ടിയിട്ടും നിര്‍ത്താതെ മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.